Wildlife Attacks | കാസർകോട്ട് വന്യജീവി ആക്രമണം വർധിക്കുന്നതായി കണക്കുകൾ; 4 വർഷത്തിനിടെ 20 പേർക്ക് ജീവൻ നഷ്ടമായി; പരുക്കേറ്റത് 390 പേർക്ക്

● മരണപ്പെട്ടവരുടെ കുടുംബത്തിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി.
● പരിക്കേറ്റവർക്ക് 83.06 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി.
● വന്യജീവി ആക്രമണം തടയാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രി
കാസർകോട്: (KasargodVartha) ജില്ലയിൽ വന്യജീവി ആക്രമണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ 20 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 390 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ഉദുമ (4), മഞ്ചേശ്വരം (4), കാസർകോട് (3), കാഞ്ഞങ്ങാട് (5), തൃക്കരിപ്പൂർ (4) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള മരിച്ചവരുടെ കണക്ക്. ഈ കാലയളവിൽ ഉദുമ - 56, മഞ്ചേശ്വരം - 56, കാസർകോട് - 42, കാഞ്ഞങ്ങാട് - 98, തൃക്കരിപ്പൂർ - 138 എന്നിങ്ങനെയാണ് 390 പേർക്ക് പരിക്ക് പറ്റിയിട്ടുള്ളത്.
മരണപ്പെട്ടവരുടെ ആശ്രിതർക്ക് കഴിഞ്ഞ നാല് വർഷത്തിനിടയിൽ 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ഉദുമയിൽ 14 ലക്ഷം, മഞ്ചേശ്വരത്ത് 12 ലക്ഷം, കാസർകോട് 14 ലക്ഷം, കാഞ്ഞങ്ങാട് 26 ലക്ഷം, തൃക്കരിപ്പൂരിൽ 14 ലക്ഷം എന്നിങ്ങനെയാണ് വിതരണം ചെയ്തത്. പരിക്കേറ്റവർക്ക് കഴിഞ്ഞ നാല് വർഷം നൽകിയിട്ടുള്ള നഷ്ട പരിഹാരം 83.06 ലക്ഷം രൂപയാണ്.
ഇതിൽ ഉദുമയിൽ 11.46 ലക്ഷം, മഞ്ചേശ്വരത്ത് 11.74 ലക്ഷം, കാസർകോട് 9.06 ലക്ഷം, കാഞ്ഞങ്ങാട് 19.97 ലക്ഷം, തൃക്കരിപ്പൂരിൽ 30.83 ലക്ഷം എന്നിങ്ങനെയാണ് വിതരണം ചെയ്തത്. വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നാല് വർഷം കൊണ്ട് 87.16 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി.
വന്യജീവി ആക്രമണം തടയുന്നതിനും കർഷകരെ സംരക്ഷിക്കുന്നതിനുമായി കാർഷിക വികസന - കർഷക ക്ഷേമവകുപ്പ് ആർ.കെ.വി.വൈ ഹ്യൂമൺ വൈൽഡ് ലൈഫ് കോൺഫ്ലിക്ട് പദ്ധതിയെന്ന പേരിൽ ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം കാസർകോട് മണ്ഡലത്തിലെ ബെള്ളൂർ പഞ്ചായത്തിൽ 9 കിലോമീറ്റർ സൗരോർജ്ജ വേലി നിർമ്മിക്കുന്നതിന് 37 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കാസർകോട് ജില്ലയിലെ വന്യജീവി ആക്രമണം ഗുരുതരമായ ഒരു പ്രശ്നമായി തുടരുകയാണ്. സർക്കാർ തലത്തിലുള്ള ഇടപെടലുകൾ കൂടുതൽ ശക്തമാക്കുകയും പൊതുജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്താൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod faces increasing wildlife attacks, with 20 deaths and 390 injuries over the last four years. The government has provided compensation and launched initiatives to reduce these attacks.
#KasaragodNews, #WildlifeAttacks, #Compensation, #KeralaNews, #ForestMinistry, #AgricultureProtection