പന്നിക്കൂട്ടം ക്വാര്‍ട്ടേഴ്‌സിലേക്ക് ഓടിക്കയറി; വീട്ടുകാര്‍ പുറത്തേക്കോടി
Apr 21, 2012, 12:47 IST
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് എരിയാല്‍ ബ്ലാര്‍ക്കോട്ടെ ടി. പി ക്വാര്‍ട്ടേഴ്‌സില്‍ യാക്കൂബ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് മുറിയിലേക്ക് നാലു കാട്ടുപന്നികള്‍ ഓടി കൂടിയത്. വീട്ടിനകത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പന്നിക്കൂട്ടത്തെ കണ്ട് നിലവിളിച്ച് പുറത്തേക്കോടുകയായിരുന്നു. ബഹളംകേട്ട് ഓടികൂടിയ നാട്ടുകാര്‍ പന്നികളെ ക്വാര്‍ട്ടേഴ്‌സിനകത്ത് പൂട്ടിയിടാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് പന്നികള്‍ വരാന്തയിലെ ഭിത്തി ചാടി കടന്ന് രക്ഷപ്പെട്ടു. രണ്ട് പന്നികളെ മാത്രമാണ് പൂ ട്ടിയിടാന്‍ കഴിഞ്ഞത്. പൂട്ടിയിട്ട പന്നികള്‍ കിടക്കയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും പിച്ചിചീന്തി നശിപ്പിച്ചു. ആയിരക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പന്നികളെ കൂട്ടില്‍ അടക്കാനുള്ള ശ്രമം ആരംഭിച്ചു.
ഈ പ്രദേശത്ത് അടുത്തക്കാലത്തായി നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ആരെങ്കിലും വൈരാഗ്യത്തിന്റെ പേരില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് സംശയിച്ചിരുന്നത്. രക്ഷപ്പെട്ട പന്നികളെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി.
Keywords: Kasaragod, Attack, House, Wild Pigs