Wild elephants | മലയോരത്ത് ജനവാസ കേന്ദ്രത്തിൽ കയറി താണ്ഡവമാടി കാട്ടാനക്കൂട്ടം; ഒറ്റരാത്രികൊണ്ട് വരുത്തിയത് 10 ലക്ഷം രൂപയുടെ നാശനഷ്ടം
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) ബളാൽ (Balal) പഞ്ചായത്തിലെ മാലോം (Malom) വലിയ പുഞ്ചയിലെ കാപ്പിൽ ലോപ്പസിന് ഒറ്റ രാത്രികൊണ്ട് കാട്ടാനക്കൂട്ടം (Wild Elephants) വരുത്തിയത് 10 ലക്ഷം രൂപയുടെ നാശനഷ്ടം. മികച്ച കർഷകനുള്ള പഞ്ചായത്ത് തല അവാർഡ് (Award) നേടിയ ലോപ്പസിന്റെ എട്ട് ഏക്കറോളം വരുന്ന കൃഷി സ്ഥലമാണ് കാട്ടാനക്കൂട്ടം ഉഴുതുമറിച്ചത്.
കായ്ച്ചു തുടങ്ങിയ നിരവധി കവുങ്ങുകൾ, തെങ്ങുകൾ, വാഴകൾ ഇവയൊന്നും ആനക്കൂട്ടം ബാക്കിവെച്ചില്ല. കൃഷി ചെയ്യാൻ ഒരുക്കിയ മണ്ണ് ഒലിച്ചു പോകാതിരിക്കാനായി നിർമിച്ച കയ്യാലകളും ആനക്കൂട്ടം നശിപ്പിച്ചു.
ഏകദേശം അഞ്ച് ലക്ഷത്തോളം രൂപമുടക്കിയാണ് ലോപ്പസ് തന്റെ കൃഷി സ്ഥലത്ത് കയ്യാല നിർമിച്ചത്. ബാങ്കിൽനിന്നും വായ്പ എടുത്താണ് മാലോം വലിയ പുഞ്ചയിൽ കൃഷി ചെയ്യുന്നത്.
മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കർഷകർക്ക് കൃഷിയിറക്കാൻ കഴിയാതെ വരികയും, കൃഷി ചെയ്തവർക്ക് നഷ്ടം വരുത്തിവെക്കുകയും ചെയ്യുന്നു. കാട്ടാനക്കൂട്ടങ്ങളുടെ ഭീഷണിയിൽ ആളുകൾക്ക് ഭയത്തോടെ ജീവിക്കേണ്ട സ്ഥിതിയാണ്. വനം വകുപ്പ് അധികാരികൾ കാട്ടാന ശല്യം തടയാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നാണ് കാലങ്ങളായുള്ള ആവശ്യം.