Incident | ഹൈപർമാർകറ്റിലേക്ക് ഓടിക്കയറി കൂറ്റൻ കാട്ടുപന്നി; പരിഭ്രാന്തി പരത്തി; വീഡിയോ
● കുമ്പളയിലെ റിലയൻസ് സ്മാർട് പോയിന്റിലാണ് സംഭവം.
● രാത്രി ഒമ്പത് മണിയോടെയായിരുന്നു കാട്ടുപന്നി കടന്നുകയറിയത്.
● ആളപായമില്ലാതെ അപകടം ഒഴിവായി.
കുമ്പള: (KasargodVartha) ടൗണിലെ ഹൈപർമാർകറ്റിലേക്ക് ഒരു കൂറ്റൻ കാട്ടുപന്നി ഓടിക്കയറിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ റിലയൻസ് സ്മാർട് പോയിന്റ് ഹൈപർമാർകറ്റിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. രാത്രി വൈകിയതിനാൽ കടയിൽ കുറഞ്ഞ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാൽ ആളപായം ഒഴിവായി.
തുറന്നുകിടന്ന ചില്ലുവാതിൽ വഴി കടന്നുവന്ന പന്നി, ആളുകളുടെ ബഹളം കേട്ട് കടയ്ക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും പിന്നീട് അതേ വാതിൽ വഴി കുമ്പള സ്കൂൾ റോഡിലേക്ക് പോവുകയായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു.
കുമ്പളയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം വർധിച്ചുവരുന്നതിനിടെയാണ് ഈ സംഭവം. ഏതാനും മാസങ്ങളായി കൊടിയമ്മയിൽ നിന്നും മാറിപ്പോയിരുന്ന പന്നിക്കൂട്ടങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണെന്നും പരാതിയുണ്ട്. മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ് ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും വനം മന്ത്രിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ കാര്യമായ നടപടികൾ ഉണ്ടാകാത്തതുകൊണ്ട് പന്നികൾ വീണ്ടും എത്താൻ തുടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. പന്നിക്കൂട്ടങ്ങൾ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വ്യാപകമായ നാശനഷ്ടം ഉണ്ടാക്കുകയാണ്. അധികൃതർ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
#WildBoar #Kumbala #Kerala #Wildlife #Incident #Panic