city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊലവിളിയുയര്‍ത്തി കാട്ടുമൃഗങ്ങള്‍ നാട്ടില്‍; പോകാനിടമില്ലാതെ മനുഷ്യര്‍

കാസര്‍കോട്: (www.kasargodvartha.com 15/02/2015) കാട്ടില്‍ കഴിയുന്ന മൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യജീവനും അവരുടെ സ്വത്തിനും കൃഷിക്കും ഭീഷണി സൃഷ്ടിച്ചാല്‍ എന്തു ചെയ്യും? അത് കണ്ടിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാതെ മൗനം പാലിച്ചാല്‍ എന്താണൊരു പ്രതിവിധി? ഈ സ്ഥിതിയിലൂടെയാണ് കാസര്‍കോട് ഇപ്പോള്‍ കടന്നു പോകുന്നത്.
കുമ്പഡാജെ തുപ്പക്കല്ലില്‍ ആഇശ എന്ന സ്ത്രീ കഴിഞ്ഞ ദിവസം പന്നിയുടെ കുത്തേറ്റ് മരിച്ച സംഭവം ജില്ലയിലെ കാട്ടുമൃഗങ്ങളുടെ ശല്യത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ പോയപ്പോഴാണ് ആഇശയെ കാട്ടുപന്നി പിന്നില്‍ നിന്നും കുത്തിവീഴ്ത്തിയത്. കുത്തേറ്റു വീണ ആഇശയുടെ കൈവിരലുകള്‍ പന്നി കടിച്ചുതിന്നുകയും ചെയ്തു. ഗുരുതര നിലയിലായ ആഇശയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണപ്പെട്ടത്.

ഇതിനു മുമ്പും പന്നി നിരവധി ആളുകളെ ആക്രമിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അന്നടുക്ക സി.എച്ച് നഗര്‍ മുണ്ടര കൊളഞ്ചിയില്‍ ജയപ്രകാശ് ഷെട്ടി (39) എന്നയാളെ കാട്ടുപന്നി കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇയാളിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുളിയാര്‍, കാറഡുക്ക കുമ്പഡാജെ, ബദിയഡുക്ക, എന്‍മകജെ, പുത്തിഗെ, മീഞ്ച, കള്ളാര്‍, പനത്തടി, കുറ്റിക്കോല്‍, ബേഡകം, കോടോംബേളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പന്നി ശല്യം വ്യാപകമാണ്. ആളുകളുടെ ജീവനു വരെ ഭീഷണി സൃഷ്ടിക്കുന്ന പന്നികള്‍ നാട്ടിലിറങ്ങി വ്യാപകമായ കൃഷിനാശവും വരുത്തുന്നു.

പന്നികളെ വേട്ടയാടരുതെന്നാണ് നിയമം. എന്നാല്‍ ആളുകള്‍ക്കും അവരുടെ കൃഷിക്കും സംരക്ഷണം നല്‍കാന്‍ നിയമമുണ്ടാക്കിയവര്‍ മുതിരുന്നില്ല. കാട്ടുപന്നികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുമ്പഡാജെയിലെ ജനങ്ങള്‍ തിങ്കളാഴ്ച കൂട്ടമായെത്തി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കുന്നുണ്ട്. പന്നികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ കലക്ട്രേറ്റ് പരിസരത്തേക്ക് താമസം മാറ്റുമെന്നും അവര്‍ പറയുന്നു. ഈയിടെ കലക്ടേറ്റ് പരിസരത്തും പന്നികളെ കണ്ടിരുന്നുവെന്നത് മറ്റൊരു തമാശയാണ്.

പകല്‍ സമയത്ത് വരെ കാട്ടുപന്നികള്‍ റോഡിലൂടെയും പൊതുവഴികളിലൂടെയും യഥേഷ്ടം നടന്നു പോവുകയാണ്. ആളുകളെ കണ്ടാല്‍ പേടിച്ചോടുകയല്ല, ആക്രമിക്കാന്‍ വരികയാണ് അവ. നേരത്തെ പന്നികളെ നായാട്ടുകാര്‍ വെടിവെച്ചും കുരുക്ക് വെച്ചും പിടികൂടി ഇറച്ചിക്കായി ഉപയോഗിച്ചിരുന്നു. വയനാട്ടുകുലവന്‍ ദൈവംകെട്ടിന്റെ ഭാഗമായി വ്യാപകമായ പന്നി വേട്ട നടന്നിരുന്നു.

എന്നാല്‍ നിയമത്തിന്റെ വാള്‍ തലയ്ക്കുമേലെ തൂങ്ങാന്‍ തുടങ്ങിയതോടെ നായാട്ടുകാര്‍ പിന്‍വലിയുകയും പന്നികള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുകയുമായിരുന്നു. വംശനാശ ഭീഷണി നേരിടുന്നു എന്ന ന്യായം പറഞ്ഞായിരുന്നു പന്നിവേട്ട കര്‍ശനമായി നിരോധിച്ചത്. എന്നാല്‍ ക്രമാതീതമായി പെരുകിയ പന്നികള്‍ ജനങ്ങളുടെ ജീവന് തന്നെ  ഭീഷണി ഉയര്‍ത്തി കൊലവിളി നടത്തുന്ന സാഹചര്യം ഉണ്ടായിട്ടും അധികൃതര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. പലപ്പോഴും നായാടിപ്പിടിച്ച പന്നികളെ വനം വകുപ്പ് അധികൃതര്‍ നായാട്ടുകാര്‍ക്ക് വിട്ടുകൊടുക്കാതെ കസ്റ്റഡിയിലെടുത്ത് കുഴിച്ച് മൂടുന്ന സംഭവം വരെ ഉണ്ടാകുന്നു. മുറിച്ചുവെച്ച ഇറച്ചി വരെ അവര്‍ എടുത്തുകൊണ്ടുപോയി നശിപ്പിക്കുകയാണ്.

ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ വേട്ടയാടുന്നു എന്ന ഔദാര്യവും അധികൃതര്‍ കാണിക്കാറില്ല. വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഉണ്ടാകുമ്പോള്‍ തന്നെ കാട്ടുമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം നടപ്പാക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.

കാട്ടാന ശല്യം, കാട്ടുപോത്ത് ശല്യം, കുരങ്ങുശല്യം, മയില്‍ ശല്യം, പാമ്പു ശല്യം എന്നിങ്ങനെ പലതരം ശല്യങ്ങളെ കൊണ്ട് കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് പന്നികള്‍ കൊലവിളി നടത്തി മുന്നേറുന്നത്. പട്ടി ശല്യവും ഒട്ടും കുറവല്ല. പേ പിടിച്ച് ഭീതി വിതച്ച് കണ്ടതിനെയെല്ലാം കടിച്ച് പരിക്കേല്‍പിക്കുന്ന പട്ടികളും ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുന്നു. കണ്ണൂരിലെ ചില ഭാഗങ്ങളില്‍ ഏതാനും പേരെ കീരി കടിച്ചു പരിക്കേല്‍പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ ചികിത്സിച്ചത്.

ആര്‍ത്തി പൂണ്ട മനുഷ്യന്‍ കാടിനെ വെട്ടിവെളുപ്പിച്ച് നാടാക്കി മാറ്റിയതോടെയാണ് കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങിയത് എന്ന മറുവശവും ഇതിനു പിന്നിലുണ്ട്. കാട്ടില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതായപ്പോള്‍ ഭക്ഷണം തേടിയാണ് അവ നാട്ടിലേക്കിറങ്ങിയത്. ചുരുക്കത്തില്‍ മനുഷ്യന്‍ ചെയ്ത തെറ്റിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കുകയാണ്. എന്നാല്‍ മൃഗങ്ങളെക്കൊണ്ട് മനുഷ്യന്‍ പൊറുതിമുട്ടുമ്പോള്‍ അവന് സംരക്ഷണം ലഭിക്കണം എന്ന കാര്യത്തിന് മുന്‍ഗണന ലഭിക്കേണ്ടതുമാണ്.
കൊലവിളിയുയര്‍ത്തി കാട്ടുമൃഗങ്ങള്‍ നാട്ടില്‍; പോകാനിടമില്ലാതെ മനുഷ്യര്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia