Obstacle | കുരുക്കായി വൈദ്യുതി കമ്പി; വിധവയായ ഈ നിർധന വീട്ടമ്മയുടെ വീട് പൂർത്തിയാകണമെങ്കിൽ കെഎസ്ഇബി കനിയണം
● ലൈഫ് മിഷൻ ഭവന പദ്ധതിയിലൂടെ വീട് നിർമ്മാണം ആരംഭിച്ചു.
● വൈദ്യുതി കമ്പി വീടിന്റെ മുകളിലൂടെയാണ് പോകുന്നത്.
● ഖദീജുമ്മയ്ക്ക് വൈദ്യുതി പോസ്റ്റ് മാറ്റാൻ സാമ്പത്തിക ശേഷിയില്ല.
കുമ്പള: (KasargodVartha) ബദ്‌രിയ നഗറിലെ വിധവയായ ഖദീജുമ്മയ്‌ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ കുമ്പള സെക്ഷൻ കെഎസ്ഇബി അധികൃതർ കനിയണം. 2019-20 വാർഷിക ലൈഫ് മിഷൻ ഭവന പദ്ധതിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് നൽകിയതാണ് നായിക്കാപ്പ് ശിവാജി നഗറിൽ സർക്കാരിൽ നിന്ന് ലഭിച്ച ഭൂമിയിൽ വീടിനുള്ള സഹായം.
വീട് നിർമ്മാണം പകുതിയിലായപ്പോൾ വീടെന്ന സ്വപ്നത്തിന് വൈദ്യുതി കമ്പി തടസ്സമായി. വീടിന്റെ മുകളിലൂടെയാണ് വൈദ്യുതി കമ്പി പോയിരിക്കുന്നത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച ഒന്നാം ഗഡുവും, രണ്ടാം ഗഡുവും കൂടിയുള്ള 1.25 ലക്ഷം രൂപ കൊണ്ട് വീടിന്റെ മതിൽ വരെ ഉയർത്തി. പിന്നീടാണ് കുരുക്ക് വീഴുന്നത്. വൈദ്യുതി കമ്പി വീടിന്റെ മുകളിലൂടെയാണ് പോയിരിക്കുന്നതെന്ന കാര്യം വൈകിയാണ് ഖദീജുമ്മ അറിയുന്നത്.
നിർമ്മാണ തൊഴിലാളികൾ വിവരം നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ഈ കുരുക്കഴിക്കാൻ നേരത്തെ തന്നെ കഴിയുമായിരുന്നുവെന്ന് ഖദീജുമ്മ പറയുന്നു. പിന്നീട് കഴിഞ്ഞ രണ്ടു വർഷമായി ഇവർ കെഎസ്ഇബി പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങുന്നു, രണ്ടിടത്തും പരാതിയും കൊടുത്തിട്ടുണ്ട്. ഭവന പദ്ധതിയിലെ ബാക്കി തുക ലഭിക്കണമെങ്കിൽ വീട് നിർമ്മാണം പൂർത്തിയാക്കണം. അതിന് വൈദ്യുതി കമ്പി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
സ്വന്തം ചിലവിൽ വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള സാമ്പത്തികശേഷി ഖദീജുമ്മയ്ക്കില്ല. കൂലി വേല ചെയ്താണ് വൃദ്ധയായ ഖദീജുമ്മ കുടുംബം പോറ്റുന്നത് തന്നെ. ഇപ്പോൾ പാതിവഴിയിലായ വീടിന്റെ ജനലും കട്ടിലുമൊക്കെ ദ്രവിച്ച് വീട് പരിസരം കാടു മൂടി കിടക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ കൈമലർത്തുകയാണ് ഈ വീട്ടമ്മ. പദ്ധതി തുക ഇപ്പോൾ ലാപ്സായി പോയിട്ടുണ്ടാകുമോ എന്ന് പോലും ഖദീജുമ്മയ്‌ക്ക് അറിയില്ല. വീടെന്ന സ്വപ്നം പൂർത്തിയായി കിട്ടാൻ കാത്തിരിക്കുകയാണ് ഒരു കുടുംബം. ബദ്രിയാ നഗറിൽ വാടക കെട്ടിടത്തിലാണ് ഇപ്പോൾ താമസം.
#KSEB #widow #housing #lifemission #kerala #powerline