city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖിനെ നേരിടുന്നത് ആരായിരിക്കും? ചിത്രം ഇനിയും തെളിഞ്ഞില്ല

മഞ്ചേശ്വരം: (www.kasargodvartha.com 09/03/2016)   മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സിറ്റിംഗ് എം എല്‍ എ പി ബി അബ്ദുര്‍ റസാഖിനെ വീണ്ടും രംഗത്തിറക്കി പ്രചരണം ശക്തമാക്കിയെങ്കിലും എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും ചിത്രം തെളിഞ്ഞില്ല. ബിജെപി കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ തന്നെ രംഗത്തിറക്കുമെന്നാണ് സൂചന. അതേസമയം സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചരണം ശക്തമായതോടെ മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, മുന്‍ ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി, സതീഷ് ചന്ദ്ര ഭണ്ഡാരി തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

സിപിഎം സ്ഥാനാര്‍ത്ഥിയായി തുടക്കത്തില്‍ കുമ്പള ഏരിയാ കമ്മിറ്റി അംഗവും തുളുനാട് ടൈംസിന്റെ എഡിറ്ററുമായ ശങ്കര്‍ റൈയെ നിര്‍ത്തുമെന്നായിരുന്നു പ്രചരണം. എന്നാല്‍ സി എച്ച് കുഞ്ഞമ്പുവിനെ വീണ്ടും രംഗത്തിറക്കാനുള്ള ചില തീരുമാനങ്ങളെ കുറിച്ചും സിപിഎം ആലോചിക്കുന്നുണ്ട്. രണ്ടു തവണ മത്സരിച്ച തന്നെ ഇത്തവണ ഒഴിവാക്കി പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന നിര്‍ദേശം സി.എച്ച് കുഞ്ഞമ്പു മുന്നോട്ട് വെച്ചതായാണ് അറിയുന്നത്. എന്നാല്‍ ബിജെപി കേന്ദ്രങ്ങളിലും യുഡിഎഫ് കേന്ദ്രങ്ങളിലും സി എച്ച് കുഞ്ഞമ്പുവിന് ഇപ്പോഴും സ്വാധീനമുണ്ടെന്ന തിരിച്ചറിവാണ് സി.എച്ച് കുഞ്ഞമ്പുവിനെ വീണ്ടും പരിഗണിക്കാന്‍ സിപിഎം ആലോചിക്കുന്നത്. മത്സരിക്കാന്‍ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം. അങ്ങനെ വന്നാല്‍ കുഞ്ഞമ്പു തന്നെ സ്ഥാനാര്‍ത്ഥിയായി വരും.

കെ.പി സതീഷ് ചന്ദ്രനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ സിപിഎം സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ പൊതു നിര്‍ദേശം ഉള്ളതിനാല്‍ വിജയ സാധ്യതയില്‍ സംശയമുള്ള മണ്ഡലത്തില്‍ സതീഷ് ചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. സതീഷ് ചന്ദ്രന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് ഉറച്ച സീറ്റിലായിരിക്കും. സതീഷ് ചന്ദ്രന്‍ മത്സരരംഗത്ത് വന്നാല്‍ പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടിവരുമെന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന വിലയിരുത്തലുള്ളതിനാല്‍ ജില്ലാ സെക്രട്ടറി മത്സരരംഗത്ത് നിന്നും മാറി നില്‍ക്കുമെന്ന് തന്നെയാണ് കരുതുന്നത്.

തിരുവനന്തപുരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറെടുക്കുന്നുണ്ടെങ്കിലും മഞ്ചേശ്വരത്ത് മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്ന് സുരേന്ദ്രന്‍ അറിയിച്ചതായാണ് വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖ് ഇപ്പോള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സ്ഥാനാര്‍ത്ഥിത്വം മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതും പാര്‍ട്ടിക്കുള്ളില്‍ ഒരു എതിര്‍പ്പ് പോലും ഉണ്ടാകാത്തതും പി ബി അബ്ദുര്‍ റസാഖിന് ഏറെ ഗുണം ചെയ്യും. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് പി ബി അബ്ദുര്‍ റസാഖ് പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്.
മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖിനെ നേരിടുന്നത് ആരായിരിക്കും? ചിത്രം ഇനിയും തെളിഞ്ഞില്ല

Keywords:  Manjeshwaram, P.B. Abdul Razak, Election 2016, Who will contest against P.B Abdul Razak?.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia