Relief | ഡിവൈഎഫ്ഐയുടെ അപൂർവ്വമായ ഫണ്ട് ശേഖരണ പദ്ധതി; തുക കൈമാറി
നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന ചടങ്ങ് നീലേശ്വരം ഇ എം എസ് മന്ദിരത്തിൽ നടന്നു.
നീലേശ്വരം: (KasargodVartha) വയനാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് വീടൊരുക്കാൻ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റീ ബിൽഡ് വയനാട് പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ശേഖരിച്ചത് 3000300 രൂപ (മുപ്പതു ലക്ഷത്തി മുന്നൂറ്). ഡിവൈഎഫ്ഐ നടത്തിയ അപൂർവ്വമായ ഒരു ഫണ്ട് ശേഖരണ പദ്ധതിയായിരുന്നു ഇത്. വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്തുകൊണ്ടാണ് റീബിൽഡ് വയനാട് ഫണ്ട് ഈ യുവജന സംഘടന ശേഖരിച്ചത്.
പഴയ പത്രങ്ങളും ആക്രി സാധനങ്ങളും പെറുക്കി തൂക്കി വിറ്റും, മുണ്ട് വില്പന, ബൾബ് വില്പന, അച്ചാർ വില്പന, മീൻ വില്പന, ബിരിയാണി ഫെസ്റ്റുകൾ, പായസം ഫെസ്റ്റ്, വിവിധ ചലഞ്ചുകൾ, കുട്ടികൾ കൈമാറിയ സമ്പാദ്യ കുടുക്ക, ആഘോഷങ്ങൾക്ക് വേണ്ടി നീക്കി വെച്ച തുക, പെൻഷൻ തുക, വളർത്തു മൃഗങ്ങളെ സംഭാവന ചെയ്തവർ, വേതനം തുടങ്ങി എല്ലാത്തരം സഹായങ്ങളും സ്വീകരിച്ചു.
നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന ചടങ്ങ് നീലേശ്വരം ഇ എം എസ് മന്ദിരത്തിൽ നടന്നു. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ തുക ഏറ്റുവാങ്ങി ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ എം വിനോദ്, കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ്,സിനീഷ് കുമാർ, എ അഭിജിത്ത്, വി മുകേഷ്, പി സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.