city-gold-ad-for-blogger
Aster MIMS 10/10/2023

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ മികച്ച പിന്തുണ; എന്താണ് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി?

കാസര്‍കോട്: (www.kasargodvartha.com 15.01.2019) ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ലോകമെമ്പാടും പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തും ഇത്തരത്തില്‍ പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുത മിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന സൗര പദ്ധതിക്ക് ജില്ലയില്‍ മികച്ച പിന്തുണ.

ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ത്രിതല പഞ്ചായത്തിനുകീഴിലുള്ള കെട്ടിടങ്ങളിലും സൗര പദ്ധതി നടപ്പാക്കാനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് മുന്‍സിപ്പാലിറ്റി പ്രതിനിധികള്‍ എന്നിവര്‍ക്കായി ഡി പി സി ഹാളില്‍ സംഘടിപ്പിച്ച പുരപ്പുറ സൗരോര്‍ജ്ജപദ്ധതി സൗര-ഊര്‍ജ്ജ സെമിനാര്‍ എ ഡി എം എന്‍ ദേവീദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസര്‍ സത്യപ്രകാശ് അധ്യക്ഷനായി.

ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി  ചീഫ് എഞ്ചിനീയര്‍ ജി സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി എന്നിവര്‍ മുഖ്യാതിഥികളായി. സോളാര്‍ കോര്‍ഡിനേറ്റര്‍ പി ജയപ്രകാശന്‍ സെമിനാര്‍ അവതരിപ്പിച്ചു. പി സീതാരമാന്‍, കെ ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി സുരേന്ദ്ര സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ നാഗരാജ് ഭട്ട് നന്ദിയും പറഞ്ഞു.

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ മികച്ച പിന്തുണ; എന്താണ് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി?


എന്താണ് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി?

ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാനാണ് നാടിന് ഊര്‍ജ്ജം വീടിന് ലാഭം എന്ന ലക്ഷ്യത്തോടെ 'പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി'ക്ക് കെ എസ് ഇ ബി തുടക്കം കുറിച്ചിരിക്കുന്നത്. വരുന്ന മൂന്ന് വര്‍ഷകാലത്തിനുള്ളില്‍ കെഎസ്ഇബി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആയിരം മെഗാവാട്ട്  വൈദ്യുതി സൗരപദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജപദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 30 മെഗാവാട്ട് (3000 കിലോവാട്ട്) ആണ് കാസര്‍കോട് ജില്ലയില്‍ നിന്ന് ഉത്പാദിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നത്.

ഗാര്‍ഹിക കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 150 മെഗാവാട്ട്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് 100, ഗാര്‍ഹികേതര ,സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് 250 മെഗാവാട്ടുമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ ഓരോ ഉപഭോക്താവിനും വൈവിധ്യമാര്‍ന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെഎസ്ഇബി ലിമിറ്റിഡിന്റെ ചെലവില്‍ സൗജന്യമായി സൗരനിലയം സ്ഥാപിക്കുന്നതാണ് ആദ്യത്തെ പദ്ധതി. ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിടമുടമയ്ക്ക് നല്‍കും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് നിശ്ചിത നിരക്കില്‍ കെട്ടിടമുടമയ്ക്ക് നല്‍കുകയും ചെയ്യും. നിലയത്തിന്റെ പരിപാലനം 25 വര്‍ഷത്തേക്ക് കെഎസ്ഇബി നിര്‍വഹിക്കും.

രണ്ടാമത്തേത് കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചിലവില്‍ സൗരനിലയം സ്ഥാപിച്ചു നല്‍കും. ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെഎസ്ഇബി എല്‍ വാങ്ങും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും സംരംഭകന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. സൗരനിലയം ഉപഭോക്താവിന്റെ  വീടിന്റെ മേല്‍ക്കൂരയിലോ ഭൂമിയിലോ സ്ഥാപിച്ച് നല്‍കും. സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് 200 ചതുരശ്ര അടിയാണ് വേണ്ടത്. ഇതില്‍ നിന്നും രണ്ടുകിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും. 200 ചതുരശ്ര അടി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വെറും 1.30 ലക്ഷം രൂപ മാത്രമാണ് കെഎസ്ഇബി ഈടാക്കുന്നത്.
 പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍  ജനുവരി 31 നകം കെഎസ്ഇബി യുടെ www.kseb.in എന്ന വെബ്സൈറ്റില്‍ 'സൗര' എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണം.

ലളിതമായ അഞ്ചു സ്റ്റെപ്പുകളിലൂടെ രജിസ്റ്റര്‍ പൂര്‍ത്തിയാക്കാം. രജിസ്റ്റര്‍ ചെയ്തവരുടെ വീടുകളില്‍/സ്ഥാപനങ്ങളില്‍ എപ്രില്‍ വരെ  കെഎസ്ഇബി പ്രതിനിധികള്‍ എത്തി പരിശോധിക്കും. തുടര്‍ന്ന് 2019 മധ്യത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു തുടങ്ങും. പൊതുജനങ്ങളിലേക്ക് ഈ പദ്ധതി എത്തിക്കുന്നതിനായി കെ എസ് ഇ ബി എല്‍ ഓരോ സബ്ഡിവിഷന്‍ തലത്തിലും രണ്ടു സോളാര്‍ എക്സിക്യൂട്ടീവ്മാരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെയായി 2000ത്തിലധികം പേര്‍ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ്. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ടോള്‍ഫ്രീ നമ്പറായ 0471 2555544, 1912 ബന്ധപ്പെടുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  What is Purappura Solar project?, Kasaragod, News, Solar project, Solar Seminar.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL