city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേലമ്പാടിയിലെ വീട്ടമ്മയായ രത്‌നമ്മയ്ക്ക് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? വിഷയം ദേശീയ പ്രശ്‌നമാക്കി ബിജെപി, പ്രതിരോധിക്കാന്‍ സിപിഎം

കാസര്‍കോട്: (www.kasargodvartha.com 15.06.2016) ദേലമ്പാടി കക്കപ്പാടിയിലെ ദളിത് വിഭാഗത്തില്‍പെട്ട പരേതനായ അപ്പയ്യനായ്ക്കിന്റെ ഭാര്യ രത്‌നമ്മയ്ക്ക്(60) അക്രമത്തില്‍ പരിക്കേറ്റ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന ചോദ്യം രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയാവുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് രാത്രി ഏഴ് മണിക്കാണ് രത്‌നമ്മയ്ക്ക് രണ്ട് കൈക്കും വെട്ടേറ്റതായി പറയപ്പെടുന്നത്. പരിക്കേറ്റ രത്‌നമ്മ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവരുടെ മകള്‍ ആശ വര്‍ക്കറായ സുലോചനയെ അക്രമിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് രത്‌നമ്മയ്ക്ക് വെട്ടേറ്റതെന്നാണ് പരാതി. തങ്ങളെ വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ള സംഘം അക്രമിക്കുകയായിരുന്നുവെന്ന് രത്‌നമ്മയും സുലോചനയും വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ സുലോചനയുടെ ഭര്‍തൃ പിതാവിന്റെ മരുമകന്‍ ദേലമ്പാടി പരപ്പ കക്കപ്പാടി ഹൗസിലെ യശോദരനെ (27) ആദൂര്‍ എസ് ഐ സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആശാവര്‍ക്കറായ സുലോചന സിപിഎം പ്രവര്‍ത്തകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ സിപിഎം നു വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങിയില്ലെന്നാരോപിച്ച് ആറംഗ സംഘം വീട്ടില്‍ കയറി അക്രമിക്കുന്നതിനിടയില്‍ തടയാന്‍ ചെന്നപ്പോഴാണ് മകളുടെ വീട്ടില്‍ ഉണ്ടായിരുന്ന എന്‍മകജെ സ്വദേശിനിയായ രത്‌നമ്മയ്ക്ക് വെട്ടേറ്റത്.

സംഭവത്തില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ സഞ്ചീവനടക്കമുള്ളവര്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്നും കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നുമാണ് പോലീസ് പറയുന്നത്. സഞ്ചീവയും ഇവരുടെ ബന്ധുവാണ്. സുലോചനയുടെ ഭര്‍ത്താവ് തിമ്മപ്പനായ്ക്കിന്റെ പിതാവ് ബാലു നായ്ക്കിന്റെ വീട്ടിലാണ് ഈ അക്രമ സംഭവം ഉണ്ടായതെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്.

ഈ സംഭവത്തില്‍ യാതൊരു രാഷ്ട്രീയവുമില്ല. ബാലുനായ്ക്കിനൊപ്പം തന്നെയാണ് മകനും മരുമകളും താമസിച്ചിരുന്നത്. ഭാര്യ മരിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ച ബാലു നായ്ക്ക് മരുമകളുടെ ശല്യം സഹിക്കാന്‍ കഴിയാതെ പിന്നീട് തൊട്ടടുത്ത വീട്ടിലേക്ക് താമസം മാറുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബാലുനായ്ക്കും രണ്ടാം ഭാര്യയും താമസിക്കുന്ന വീടും സ്ഥലവും തങ്ങളുടെ പേരില്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് മകന്‍ തിമ്മപ്പ നായ്ക്കും മരുമകള്‍ സുലോചനയും വീട്ടിലെത്തി ബഹളം സൃഷ്ടിക്കുന്നതിനിടെ ഉന്തും തള്ളും നടന്നിരുന്നു.

ഈ സമയത്ത് ഇതുവഴി വന്ന ബാലുനായ്ക്കിന്റെ സഹോദരിയുടെ മകന്‍ യശോദരന്‍ വിഷയത്തില്‍ ഇടപെടുകയും ഇതിനിടയില്‍ സുലോചന യശോദരനെ കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുന്നതിനിടെ യശോദരന്‍ തടയുകയും ഒരു വടികൊണ്ട് സുലോചനയെ അടിക്കുന്നതിനിടെ രത്‌നമ്മയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരലിന് അടി കൊള്ളുകയായിരുന്നു.

ചൂണ്ടുവിരലിന്റെ എല്ലുപൊട്ടുകയും ചെയ്തതായും ഇതിനാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും പോലീസ് പറയുന്നു. രത്‌നമ്മ പിന്നീട് മുന്‍ വിരോധം കാരണം സിപിഎം പ്രവര്‍ത്തകരും തന്നെ അക്രമിച്ചതായി മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഇത് അന്വേഷണത്തില്‍ ശരിയല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകരായ പ്രതികളെ ഒഴിവാക്കി കേസ് തേയ്ച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

എണ്‍മകജെ സ്വദേശിനിയായ രത്‌നമ്മ ബിജെപി അനുഭാവിയാണ്. അത് കൊണ്ട് തന്നെ പ്രശ്‌നം ബിജെപി നേതൃത്വം ഏറ്റെടുക്കുകയും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തു. കഴിഞ്ഞ ദിവസം മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡണ്ട് രേണുസുരേഷ് സിപിഎമ്മിന്റെ ദളിത് അക്രമണത്തിനെതിരെ കാസര്‍കോട്ട് വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചകളും മറ്റും സംഘടിപ്പിച്ച് ബിജെപി ഇതിനെ സംസ്ഥാന തല വിഷയമാക്കുകയും ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ കേരളത്തില്‍ സിപിഎം ദളിത് അക്രമം നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തിരിക്കുകയാണ്.

ഇതിന് തൊട്ട് പിന്നാലെയാണ് സിപിഎമ്മും ബിജെപിയുടെ രാഷ്ട്രീയ നീക്കത്തെ പ്രതിരോധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഒരു കുടുംബ പ്രശ്‌നത്തെ തികച്ചും രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റി ബിജെപി മുതലെടുപ്പ് നടത്തുകയാണെന്ന് സിപിഎം കാറഡുക്ക ഏരിയ സെക്രട്ടറി സിജിമാത്യു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

രത്‌നമ്മയ്ക്ക് കൈക്ക് വെട്ടേറ്റു എന്ന ആരോപണം പരിശോധിക്കേണ്ടതാണെന്നും സിപിഎം ഈ പ്രശ്‌നത്തില്‍ രാഷ്ട്രീയമായി ഇടപെട്ടിട്ടില്ലെന്നും പോലീസില്‍ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും സിപിഎം ഏരിയാ സെക്രട്ടറി വ്യക്തമാക്കി. സിപിഎമ്മിന് സ്വാധീനമുള്ള ഈ പ്രദേശത്ത് കടന്നുകയറി കുഴപ്പം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപിയുടെ ജില്ലാ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇവരുടെ കുടുംബത്തില്‍ പെട്ടവരല്ലാതെ മറ്റൊരാളും ഇതില്‍ ഇടപെടുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാലു നായ്ക്കും, ഏരിയകമ്മിറ്റി അംഗം എപി കൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജൂണ്‍ 17 ന് രാവിലെ 10.30 ന് മഹിളാമോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ ആഭിമുഖ്യത്തില്‍ ഇതേ വിഷയം ഉന്നയിച്ച് ബുധനാഴ്ച ആദൂര്‍ സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ മാര്‍ച്ച് മാറ്റിവെക്കുകയായിരുന്നു.
ദേലമ്പാടിയിലെ വീട്ടമ്മയായ രത്‌നമ്മയ്ക്ക് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? വിഷയം ദേശീയ പ്രശ്‌നമാക്കി ബിജെപി, പ്രതിരോധിക്കാന്‍ സിപിഎം



Keywords: Kasaragod, CPM, BJP, Assault, Delampady, Rathnamma, Family matter, Police, Case, Adur, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia