Disaster | കനത്ത മഴയിൽ ഉദുമ കൊപ്പലിൽ കിണർ താഴ്ന്നു പോയി; വീടിന്റെ അടിത്തറയും ഇളകി; വീട്ടുകാർ താമസം മാറി
● മണ്ണിട്ട് മൂടി പ്രശ്‌നം പരിഹരിക്കാൻ ശ്രമം
● നിരവധി പേരാണ് സംഭവസ്ഥലത്തെത്തിയത്
● ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
ഉദുമ: (KasargodVartha) കനത്ത മഴയെത്തുടർന്ന് ഉദുമ കൊപ്പലിൽ കിണർ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. ഇതോടെ വീടിന്റെ അടിത്തറയും ഇളകി. കൊപ്പലിലെ നാരായണന്റെ വീട്ടുകിണറാണ് മഴയിൽ താഴ്ന്നുപോയത്. ഇതിന്റെ തത്സമയ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കിണർ താഴ്ന്നുപോകാൻ തുടങ്ങിയത്. വീടിന്റെ ഒരുഭാഗത്തെ അടിത്തറ പൂർണമായും ഇളകിയതോടെ വീട്ടുകാർ താമസം മാറിയിട്ടുണ്ട്. പൂഴി പ്രദേശമായ കൊപ്പലിൽ ഇതിന് മുമ്പ് ഇത്തരത്തിൽ കിണറുകൾക്ക് ഭീഷണിയുണ്ടായിട്ടുണ്ട്.
കിണർ താഴ്ന്നുപോകുന്ന വിവരമറിഞ്ഞ് നിരവധി പേരാണ് നാരായണന്റെ വീട്ടിൽ എത്തിയത്. അപകടം ഒഴിവാക്കാനായി ഈ ഭാഗത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ല. കിണർ താഴ്ന്നു പോയതിനാൽ ഇവിടെ മണ്ണിട്ട് മൂടി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സിപിഎം മുൻ ലോകൽ സെക്രടറിയും പ്രദേശവാസിയുമായ രമേശ് കാസർകോട് വാർത്തയോട് പറഞ്ഞു.
സംഭവം അറിഞ്ഞ് വിലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. കിണർ താഴ്ന്ന ഭാഗം മൂടിയാൽ വീടിന്റെ നിലനിൽപിന് പ്രശ്‌നമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. രാഷ്ട്രീയ നേതാക്കളും സ്ഥലം സന്ദർശിച്ചു.
#UdumaKoppal #KeralaFloods #NaturalDisaster #ClimateChange #DisasterRelief