Tragedy | കാസർകോട്ട് കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതരം; മരിച്ചയാളുടെ സഹോദരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

● ചെമ്പരിക്ക യു പി സ്‌കൂളിന് സമീപമാണ് അപകടം നടന്നത്
● ചെമ്പരിക്കയിലെ മുഹമ്മദ് ഹാരിസ് ആണ് മരിച്ചത്
● പരിക്കേറ്റ പ്രദീപിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കാസർകോട്: (KasargodVartha) മേൽപറമ്പ് ചെമ്പരിക്കയിൽ കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചയാളുടെ സഹോദരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പരിക്കയിലെ അബ്ദുല്ല - നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാരിസ് (41) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്പരിക്കയിലെ പ്രദീപിനാണ് ഗുരുതരമായി പരുക്കേറ്റത്. മരിച്ച ഹാരിസിന്റെ സഹോദരൻ മുഹമ്മദ് കുഞ്ഞിയും ജോലിയിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് 2.45 മണിയോടെ ചെമ്പരിക്ക യു പി സ്‌കൂളിന് സമീപത്തെ കെ എ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ പുതുതായി കിണർ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാല് പേർ മുകളിലും മൂന്ന് പേർ താഴെയുമാണ് ഉണ്ടായിരുന്നത്. പെട്ടെന്നാണ് കിണർ ഇടിഞ്ഞുവീണത്. സാമൂഹ്യ പ്രവർത്തകനായ കെ എസ് സാലിയാണ് പെട്ടെന്ന് തന്നെ ഫയർഫോഴ്സിലും മേൽപറമ്പ് പൊലീസിലും അടിയന്തര സർവീസായ 108 ആംബുലൻസിലും വിവരം അറിയിച്ചത്.
നാട്ടുകാരും ഫയർഫോഴ്സും കിഴൂരിലെ ഔട് പോസ്റ്റിൽ ഡ്യൂടിയിൽ ഉണ്ടായിരുന്ന പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പൊലീസിന്റെ ജീപിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ സമീപത്തെ റേഷൻ കടയ്ക്ക് അടുത്തെത്തിയപ്പോൾ 108 ആംബുലൻസ് എത്തുകയും അതിലേക്ക് മാറ്റി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഹാരിസ് മരിച്ചിരുന്നു.
പരുക്കേറ്റ പ്രദീപിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശബാനയാണ് മരിച്ച ഹാരിസിന്റെ ഭാര്യ. മക്കൾ: അൽഫാസ്, അർശാന.
A man died and another was seriously injured after a well collapsed in Chemberika, Kasargod. The deceased was identified as Mohammed Haris (41), and the injured person is Pradeep. His brother Mohammed Kunji miraculously escaped.
#KasargodAccident, #WellCollapse, #Tragedy, #KeralaNews, #AccidentNews, #Emergency