ലക്ഷങ്ങള്‍ സ്ത്രീധനം വാങ്ങി കല്യാണം; കുഞ്ഞു പിറന്നപ്പോള്‍ ഉപേക്ഷിച്ച് രണ്ടാംകെട്ട്
Mar 16, 2013, 14:31 IST
കാസര്‍കോട്: ലക്ഷങ്ങള്‍ സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുകയും കുഞ്ഞു പിറന്നപ്പോള്‍ ഉപേക്ഷിച്ച് പോവുകയും ചെയ്ത അമ്പലത്തറ പാറപ്പള്ളി സ്വദേശിക്ക് മധൂരില്‍ രണ്ടാം കെട്ട്. ഇയാളെ ആദ്യ ഭാര്യയും ബന്ധുക്കളും ആദൂരില്‍ തിരയുന്നതിനിടെയാണ് മധൂരില്‍ വെച്ച് രണ്ടാം വിവാഹം കഴിച്ചത്. കാഞ്ഞങ്ങാട് കല്ലൂരാവി ആവിയിലെ 21 കാരിയാണ് മൂന്നു വയസുള്ള മകള്‍ക്കൊപ്പം ഭര്‍ത്താവിനെ തേടി വെള്ളിയാഴ്ച ആദൂരിലെത്തിയത്. ഇവര്‍ക്കൊപ്പം ആദൂര്‍ പോലീസും യുവതിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. അതിനിടെയാണ് ഭര്‍ത്താവ് ആരോരും അറിയാതെ ശനിയാഴ്ച മധൂരിലെ യുവതിയെ വിവാഹം കഴിച്ച് സ്ഥലം വിട്ടത്.
ഭര്‍ത്താവ് ആദൂരിലെ യുവതിയെ കെട്ടാന്‍ പോകുന്നുവെന്ന വിവരം അറിഞ്ഞാണ് ആവി സ്വദേശിനി ആദൂരില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഭര്‍ത്താവ് കെട്ടാന്‍ പോകുന്ന യുവതിയുടെ വീട് കണ്ടെത്താനാവാതെ ഇവര്‍ മടങ്ങുകയും ഭര്‍ത്താവിന്റെ സ്വദേശമായ പാറപ്പള്ളിയിലെത്തി ഖത്വീബ് മുഖാന്തരം ജമാഅത്ത് പ്രസിഡന്റിന് പരാതി നല്‍കുകയുമായിരുന്നു. നാലു വര്‍ഷം മുമ്പാണ് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാറപ്പള്ളിയിലെ പ്രമുഖന്റെ മകന്‍ ആവി സ്വദേശിനിയെ വിവാഹം കഴിച്ചത്.
വിവാഹ സമയത്ത് 25 ലക്ഷം രൂപയും 75 പവന്‍ സ്വര്‍ണവും കാറും സ്ത്രീധനമായി നല്‍കിയിരുന്നു. അതിന് ശേഷം ഭാര്യയുടെ പിതാവില്‍ നിന്ന് 25 ലക്ഷം രൂപ കൂടി വാങ്ങുകയുണ്ടായി. പിന്നീടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. നേരത്തെ യുവതിയുടെ പേരില്‍ ഒരു ക്വാര്‍ട്ടേഴ്‌സ് നല്‍കാമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ക്വാര്‍ട്ടേഴ്‌സ് നല്‍കിയിരുന്നില്ല. അതിന്റെ പേരിലാണ് ഭാര്യയെയും കുഞ്ഞിനെയും സ്വന്തം വീട്ടില്‍ കൊണ്ടു പോയാക്കിയത്. ഇതിനിടയില്‍ പ്രശ്‌നം പാറപ്പള്ളി ജമാഅത്ത് കമ്മിറ്റിക്ക് മുമ്പാകെ എത്തുകയും മധ്യസ്ഥ ചര്‍ച നടത്തുകയും ചെയ്തിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. അതിനിടയിലാണ് പാറപ്പള്ളി സ്വദേശി മധൂരില്‍ നിന്ന് വീണ്ടും വിവാഹം കഴിച്ചത്.
Keywords: Marriage, Dowry-Harassment, Madhur, Adhur, Women, House, Police-Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.