വെള്ളക്കെട്ടിൽ മുങ്ങി നാട്; ദേശീയപാത അശാസ്ത്രീയ നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തം

● റോഡുകളിലും വീടുകളിലും പറമ്പുകളിലും വെള്ളം.
● കഴിഞ്ഞ വർഷങ്ങളിലും സമാന ദുരിതം അനുഭവപ്പെട്ടു.
● തലപ്പാടി മുതൽ കുമ്പള വരെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ.
● സ്കൂളുകൾ തുറക്കാനിരിക്കെ പഠനം മുടങ്ങുമോ എന്ന് ഭയം.
● പെറുവാട് വീടുകളിലും കടകളിലും വെള്ളം കയറി.
● റെയിൽവേ അടിപ്പാതകളിലെ ഗതാഗതം തടസ്സപ്പെട്ടു.
ഉപ്പള: (KasargodVartha) കാലവർഷം ശക്തമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. അശാസ്ത്രീയമായ ദേശീയപാത നിർമ്മാണം ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡുകളിൽ മാത്രമല്ല, താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പറമ്പുകളിലുമെല്ലാം വെള്ളം നിറഞ്ഞ് ദുരിതമയമായ കാഴ്ചയാണ് എങ്ങും.
തുടക്കത്തിൽ തന്നെയുള്ള ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിലെ മഴയെക്കുറിച്ച് ഓർത്ത് പരിസരവാസികൾ ആശങ്കാകുലരാണ്. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ വീടുകളിലും കടകളിലും വെള്ളം കയറി പലായനം ചെയ്യേണ്ടി വന്ന അനുഭവങ്ങൾ അവർക്കുണ്ട്. ഈ ദുരിതം ഈ വർഷവും ആവർത്തിക്കുകയാണ്.
ഉയരത്തിൽ നിർമ്മിക്കുന്ന ദേശീയപാത താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് ദുരിതമുണ്ടാക്കുമെന്ന് നിർമ്മാണം ആരംഭിച്ചതു മുതൽ നാട്ടുകാർ അധികാരികളെയും ജനപ്രതിനിധികളെയും അറിയിച്ചിരുന്നു. എന്നാൽ ആരും ഇത് ഗൗനിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
തലപ്പാടി മുതൽ കുമ്പള വരെയുള്ള ദേശീയപാതയുടെ ഇരുവശത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾ മഴക്കാലത്ത് വെള്ളക്കെട്ടിൽ ദുരിതത്തിലാണ്. മഴ ശക്തമാകുമ്പോൾ വീടുകൾ വെള്ളത്തിൽ മുങ്ങുമെന്നും കുട്ടികൾക്കും പ്രായമായവർക്കും പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ വരുമെന്നും മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവർ പറയുന്നു. ഈ ആഴ്ചയിൽ സ്കൂളുകൾ തുറക്കാനിരിക്കെ, പഠനം മുടങ്ങുമോ എന്ന ഭയവും നാട്ടുകാർക്കുണ്ട്.
കഴിഞ്ഞ രാത്രി പെറുവാട് ദേശീയപാതക്കരികിൽ താമസിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും അടുത്തുള്ള ഇലക്ട്രോണിക് കടയിലും വെള്ളം കയറിയത് ദുരിതത്തിന് ആക്കം കൂട്ടി. കുമ്പള പോലീസ് സ്റ്റേഷൻ റോഡിൽ കെഎസ്ടിപി-യുടെ അശാസ്ത്രീയമായ ടാറിംഗ് കാരണം കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.
വെള്ളക്കെട്ട് കാരണം ആരിക്കാടി, കുമ്പള, മൊഗ്രാൽ റെയിൽവേ അടിപ്പാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൊഗ്രാൽ നാങ്കി പ്രദേശത്ത് 25 ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുട്ടം, ആരിക്കടി, മൊഗ്രാൽ കൊപ്രബസാർ, മൊഗ്രാൽ പുത്തൂർ എന്നിവിടങ്ങളിലെ സർവീസ് റോഡുകളിലെ വെള്ളക്കെട്ട് വാഹന ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
ദേശീയപാത നിർമ്മാണം മൂലം ദുരിതത്തിലാണ്ട കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ നിർമ്മാണ കമ്പനി അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണം. വെള്ളക്കെട്ട് ഒഴിവാക്കാൻ അതാത് പ്രദേശങ്ങളിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ അഭ്യർത്ഥിക്കുന്നു.
കാസർഗോഡ് ജില്ലയിലെ വെള്ളക്കെട്ട് ദുരിതത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Widespread waterlogging has hit parts of Kasaragod district due to unscientific national highway construction, affecting homes and transport, leading to strong public protests.
#KeralaFloods #NationalHighway #Kasaragod #Waterlogging #Monsoon #Protest