Waterlog | സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; ആശങ്കയായി മൊഗ്രാൽ സ്കൂൾ റോഡിലെ വെള്ളക്കെട്ട്
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഓവുചാലിന്റെ ഉയരം കൂടിയതാണ് കാരണമെന്ന് ആക്ഷേപം
മൊഗ്രാൽ: (KasaragodVartha) സ്‌കൂളുകൾ തുറക്കാൻ ഇനി രണ്ടാഴ്ച, ജൂൺ തുടക്കത്തോടെ തന്നെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും. ഇതിനൊപ്പം മൊഗ്രാൽ സ്കൂൾ റോഡിലെ വെള്ളക്കെട്ടിൽ രക്ഷിതാക്കളും, വിദ്യാർഥികളും ആശങ്കയിലാണ്.
മഴക്കാലം തുടങ്ങിയതാണോ, വേനൽ മഴയാണോ എന്നതിൽ സ്ഥിരീകരണമില്ലെങ്കിലും കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി പെയ്ത മഴയിൽ തന്നെ മൊഗ്രാൽ സ്‌കൂൾ റോഡിൽ വെള്ളക്കെട്ട് ഉണ്ടായതാണ് രക്ഷിതാക്കളെയും, വിദ്യാർഥികളെയും ആശങ്കപ്പെടുത്തുന്നത്. മൊഗ്രാൽ ടൗണിൽ നിന്ന് സ്‌കൂളിലെത്താനുള്ള പിഡബ്ല്യുഡി റോഡാണിത്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഓവുചാലിന്റെ ഉയരം കൂടിയതാണ് സ്‌കൂൾ റോഡിൽ വെള്ളക്കെട്ടിന് കാരണമായതെന്നാണ് ആക്ഷേപം. വെള്ളം ഓവുചാലിലേക്ക് ഒഴുക്കി വിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നത്.
വെള്ളക്കെട്ട് തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങൾക്കും ദുരിതമാകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് വ്യാപാരസ്ഥാപനങ്ങളിലേക്കാണ്. വിഷയത്തിൽ പിടിഎയും, വ്യാപാരികളും, സന്നദ്ധ സംഘടനകളും യുഎൽസിസി അധികൃതരെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.