N A Nellikkunnu | 'കാസർകോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം', ഉടൻ പരിഹാരം കാണണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
ജലവിഭവ വകുപ്പിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം
കാസർകോട്: (KasargodVartha) നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞ കുറെ ദിവസങ്ങളിലായി അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.
വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾ ഒരുതുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വോൾട്ടേജ് ക്ഷാമം മൂലം ബാവിക്കരയിൽ പമ്പിംഗ് നടക്കാത്തതാണ് ജലവിതരണം മുടങ്ങുന്നതിന് കാരണമായി പറയുന്നത്. വോൾട്ടേജ് ഇംപ്രൂവ്മെന്റിന് വഴികൾ ധാരാളമുണ്ട്. കെ.എസ്.ഇ.ബി അധികൃതർ ഇക്കാര്യത്തിൽ താത്പര്യമെടുക്കണം.
ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ കൂടിയാലോചിച്ച് പ്രശ്ന പരിഹാരം കാണേണ്ടതാണ്. ജലവിഭവ വകുപ്പിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം കലക്ടർ വിളിച്ചു ചേർക്കുമെന്നും എം.എൽ.എ അറിയിച്ചു. രൂക്ഷമായ ഈ കുടിവെള്ള പ്രശ്നം ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.