Green Action | ഹരിതകർമസേന ഡിസംബർ 1 മുതൽ അജൈവ മാലിന്യ ശേഖരണം ആരംഭിക്കും
● ആദ്യത്തെ രണ്ടാഴ്ചകൊണ്ട് വാതില്‍പ്പടി ശേഖരണം പൂര്‍ത്തിയാക്കി മറ്റു സംരഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മ്മസേന നീങ്ങണമെന്നും ആവശ്യപ്പെട്ടു.
● ഇനോക്കുലം ഉല്പാദനം ആരംഭിക്കാന്‍ കുടുംബശ്രീ മുന്‍കൈയെടുക്കും.
കാസർകോട്: (KasargodVartha) ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ തുടര്‍ച്ചയായി ഡിസംബര്‍ ഒന്നു മുതല്‍ അജൈവ മാലിന്യശേഖരണം എല്ലാ പഞ്ചായത്തിലും നഗരസഭയിലും ആരംഭിക്കുമെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അറിയിച്ചു. ആദ്യത്തെ രണ്ടാഴ്ചകൊണ്ട് വാതില്‍പ്പടി ശേഖരണം പൂര്‍ത്തിയാക്കി മറ്റു സംരഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മ്മസേന നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ ഹരിതകർമ്മസേന കൺസോർഷ്യത്തിന്റെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ ജില്ലാ തലയോഗം ടി ടി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൈവമാലിന്യ സംസ്‌കരണ ഉപാധികളായ റിംഗ് കമ്പോസ്റ്റ്, ബയോബിന്നുകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇനോക്കുലം ലഭ്യത കുറവുമൂലം ഫലപ്രദമാകുന്നില്ലെന്ന് യോഗം വിലയിരുത്തി.
ഇനോക്കുലം ഉല്പാദനം ആരംഭിക്കാന്‍ കുടുംബശ്രീ മുന്‍കൈയെടുക്കും. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് മുഖേനയാണ് ജില്ലയിലെ പാഴ്വസ്തുക്കള്‍ ഹരിതകര്‍മ്മസേന ശേഖരിക്കുന്നത്. എന്നാല്‍ ഇതുവഴി സേവനം നൂറുശതമാനവും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യോഗത്തില്‍ പരിശീലിപ്പിച്ചു. അജൈവ പാഴ്വസ്തു ശേഖരണത്തില്‍ സുസ്ഥിരതയും സമ്പൂര്‍ണതയും ഉറപ്പാക്കാന്‍ ഹരിതകര്‍മസേന ടീം മുന്‍നിരയിലുണ്ടാകുമെന്ന് ഉറപ്പുനല്‍കി.
തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സുഭാഷ് ടി വി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ പി ജയൻ, കോ.കോർഡിനേറ്റർ എച്ച് കൃഷ്ണ, ഐകെഎം ടെക്നിക്കൽ അസിസ്റ്റന്റ് പ്രജീഷ്, ഡി പി എം ജിതിൻ എന്നിവർ സംസാരിച്ചു.
#HarithaKarmaSena #GreenKerala #WasteManagement #InoculumSolution #SustainableKerala #CleanKerala