കിണറുകളുടെ കാര്യത്തില്‍ സമൃദ്ധി...എരിവെയില്‍ പൊരിഞ്ഞ് തൃക്കരിപ്പൂര്‍ പഞ്ചായത്ത്
Apr 12, 2012, 15:00 IST
![]() |
നടക്കാവ് ബസ്സ്റോപ്പിന് സമീപം ഉപയോഗ ശൂന്യമായിക്കിടക്കുന്ന പൊതു കിണര്‍. ഇന്‍സെറ്റില്‍ കിണറില്‍ മാലിന്യം നിറഞ്ഞ നിലയില്‍ |
തൃക്കരിപ്പൂര്‍: വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളികുടിക്കാനില്ലത്രെ. ഇതാണ് തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ സ്ഥിതി. കിട്ടാവുന്ന പദ്ധതികളെല്ലാം ഉപയോഗിച്ച് നാടിന്റെ മുക്കിലും മൂലയിലും പഞ്ചായത്ത് വക പൊതു കിണറുകള്‍ കുത്തിയിട്ടുണ്ടെങ്കിലും വേനലില്‍ തൊണ്ട നനയ്ക്കാന്‍ ഒരുതുള്ളി വെള്ളം പോലും ലഭിക്കാതെ പലതും ഉപയോഗ്യ ശൂന്യമായി മാലിന്യ സംഭരണികളായി മാറിയിരിക്കുകയാണ്.
പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 19ഓളം പൊതു കിണറുകളാണ് ഉള്ളത്. ഇതില്‍ ഭൂരിപക്ഷവും ഉപയോഗ്യ ശൂന്യമായ മട്ടാണ്. ചിലയിടങ്ങളില്‍ ഉപേക്ഷിച്ച കിണറുകള്‍ നാട്ടുകാര്‍ മുന്‍കൈയെടുത്ത് ശ്രമദാനത്തിലൂടെ ഉപയോഗ യോഗ്യമാക്കിയിട്ടുണ്ട്. കിണറുകളില്‍ ജലസമൃദ്ധിയുണ്ടെങ്കിലും പ്ളാസ്റിക് കുപ്പികളും മറ്റുമുള്ള മാലിന്യങ്ങള്‍ മൂടിക്കിടക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നല്ലെന്നതാണ് പ്രധാന പരാതി.
പടിഞ്ഞാറന്‍ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പ്രത്യേക കുടിവെള്ള പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ടാപ്പിന് ചുവട്ടില്‍ ആവശ്യമായ കുടിവെള്ളത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടാണ് പലര്‍ക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പഞ്ചായത്തിന്റെ പലഭാഗങ്ങളിലും ഇക്കുറി മാര്‍ച്ചില്‍ തന്നെ രൂക്ഷമായ വരള്‍ച്ച അനുഭവപ്പെട്ടു. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതു കിണറുകള്‍ മാലിന്യ വിമുക്തമാക്കി ശുദ്ധീകരിച്ച് ഉപയോഗിക്കാവുന്നതേയുള്ളൂ.
എന്നാല്‍ പ്രശ്നത്തെ ഭരണസമിതി പൂര്‍ണ്ണമായും തഴഞ്ഞമട്ടാണ്. കിണറുകള്‍ നിര്‍മ്മിച്ച കാലം തൊട്ട് ഇങ്ങോട്ട് യാതൊരുവിധ അറ്റകുറ്റപണികളും നടത്താത്തതാണ് ഇവ മാലിന്യ സംഭരണികളായി മാറിയതെന്നാണ് പൊതുജനാഭിപ്രായം.
Keywords: Well, Panchayath, waste, Trikaripur, Kasaragod