Waste | മാലിന്യങ്ങൾ വലിച്ചെറിയുന്നത് റോഡിലേക്ക്; പൊറുതിമുട്ടി പ്രദേശവാസികളും യാത്രക്കാരും
ഒറ്റത്തെങ് - മുച്ചങ്ങാനം റോഡിലും പാതയോരത്തുമാണ് സംഭവം
ചെമ്മനാട്: (KasaragodVartha) ഒറ്റത്തെങ് - മുച്ചങ്ങാനം റോഡിലും പാതയോരത്തും മാലിന്യം തള്ളുന്നത് പതിവാകുന്നതായി പരാതി. കുട്ടികളുടെ ഡയപർ അടക്കം വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും മറ്റുമാണ് രാത്രിയുടെ മറവില്‍ പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമായി വലിച്ചെറിയുന്നത്. ആരൊക്കെയാണ് ചെയ്യുന്നതെന്ന് ആർക്കും അറിയുന്നുമില്ല.
മാലിന്യങ്ങൾക്ക് മുകളിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മാലിന്യം അഴുകി ദുർഗന്ധം കാരണം പ്രദേശവാസികളും ദുരിതം അനുഭവിക്കുകയാണ്. റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. വിജനവും ഇരുട്ടുമൂടിയതുമായ വഴിയായതിനാൽ സാമൂഹ്യ വിരുദ്ധരും താവളമാക്കുന്നതായി ആക്ഷേപമുണ്ട്.
ചെമനാട് പഞ്ചായതിന്റെ കുപ്പത്തൊട്ടിയായി ഈ റോഡ് മാറുന്നുവെന്നാണ് ഉയരുന്ന വിമർശനം. പ്രദേശത്ത് തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി. റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ രോഗങ്ങൾക്കും കാരണമാകുമെന്ന ആശങ്ക ജനങ്ങൾ പങ്കുവെക്കുന്നു. അധികൃതരുടെ ശക്തമായ ഇടപെടലാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.