Ward Division | കുമ്പള ഗ്രാമപഞ്ചായത്തിൽ കോലാഹലങ്ങൾ ഇല്ലാതെ വാർഡ് വിഭജനം; നേട്ടമാർക്ക്?

● കുമ്പളയിൽ യുഡിഎഫിനും ബിജെപിക്കും കാര്യമായ പരാതികളില്ല.
● സിപിഎമ്മും വാർഡ് വിഭജനത്തിൽ മൗനം പാലിച്ചു.
● പുതിയ മുളിയടുക്ക വാർഡ് വന്നതോടെ പഞ്ചായത്തിൽ 24 വാർഡുകൾ ആയി.
കുമ്പള: (KasargodVartha) തദ്ദേശ വാർഡ് വിഭജന കരട് പൂർത്തിയായപ്പോൾ പരാതിയില്ലാത്തത് കുമ്പള ഗ്രാമപഞ്ചായത്തിൽ മാത്രം. യുഡിഎഫിനും, ബിജെപിക്കും തുല്യത അവകാശപ്പെടുന്ന പഞ്ചായത്തിൽ വാർഡ് വിഭജനത്തിൽ ഇരു പാർട്ടികൾക്കും കാര്യമായ പരാതിയുണ്ടായിരുന്നില്ല. രണ്ടും മൂന്നും വാർഡുകളിൽ നിർണായക സ്വാധീനമുള്ള സിപിഎമ്മും വാർഡ് വിഭജനത്തിൽ മൗനം പാലിക്കുകയും ചെയ്തു.
തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്ന പാർട്ടിക്ക് വഴങ്ങി വാർഡുകളുടെ പുനർനിർമ്മാണം നടത്തിയെന്ന് വ്യാപക പരാതികളാണ് സംസ്ഥാന തലത്തിൽ ഉയർന്നുവന്നത്. ഇത് കോടതി വരെ എത്തി. രാഷ്ട്രീയ-നിയമ പോരാട്ടത്തിനൊടുവിൽ പടന്ന പഞ്ചായത്തിലെ അടക്കം ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുനർനിർണയത്തിന് കോടതി സ്റ്റേ നൽകുകയും ചെയ്തു. പരാതി ബോധിപ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും അന്തിമ പട്ടിക പുറത്തിറക്കിയിട്ടും കുമ്പളയിലെ രാഷ്ട്രീയപാർട്ടികൾക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല.
ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും വാർഡ് വിഭജനത്തെ ചൊല്ലി വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. അതേസമയം കുമ്പളയിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നുവെങ്കിലും വിഭജനത്തിൽ ഒരു വ്യക്തത ഇല്ലാത്തതിനാൽ ആരും പരാതി നൽകാൻ മുന്നോട്ട് വന്നില്ല എന്നാണ് പൊതുപ്രവർത്തകർ പറയുന്നത്. സംസ്ഥാനത്ത് മൊത്തം ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളുടെ വർധനവാണ് ഉണ്ടായത്.
കുമ്പള ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനത്തിൽ ആർക്കാണ് നേട്ടമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. ഭരണകക്ഷിയായ മുസ്ലിം ലീഗിന് അനുകൂലമാണെന്ന് നേതാക്കളും, ലീഗണികളും അവകാശപ്പെടുന്നുണ്ട്. തങ്ങളുടെ ശക്തികേന്ദ്രങ്ങളെ ഒരുതരത്തിലും വാർഡ് വിഭജനം ബാധിച്ചിട്ടില്ലെന്ന് ബിജെപി നേതാക്കളും പറയുന്നു. തങ്ങൾക്കുള്ളത് മറ്റെവിടെയും പോവില്ലെന്ന് സിപിഎമ്മും പറയുന്നുണ്ട്. പിന്നെ ആർക്കാണ് വാർഡ് വിഭജനത്തിൽ നേട്ടമെന്ന ചോദ്യമാണ് ഉയരുന്നത്. ഇലക്കും മുള്ളിനും പോറലേൽക്കാതെ എങ്ങനെ വിഭജനം പൂർത്തിയാക്കി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കുമ്പളയിൽ പുതുതായി വന്ന മുളിയടുക്ക വാർഡുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചർച്ചകൾ നടന്നുവരുന്നത്. മുളിയടുക്ക വാർഡിന്റെ വരവോടെ പഞ്ചായത്തിൽ വാർഡുകളുടെ എണ്ണം 23ൽ നിന്ന് 24 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ ബിജെപിക്ക് സ്വാധീനമുള്ളതാണ് ഈ വാർഡ്. അതേസമയം ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന ബത്തേരി വാർഡിൽ കൂടുതൽ പ്രദേശങ്ങൾ ചേർത്തത് ബിജെപിക്ക് ക്ഷീണമാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം ഉജാർ, ഇച്ചിലമ്പാടി, മുജങ്കാവ്, കോട്ടക്കാർ, ശാന്തിപള്ള, മാട്ടംകുഴി, കുമ്പള, കളത്തൂർ തുടങ്ങിയ വാർഡുകളിൽ അതിർത്തികളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും അത് തങ്ങളുടെ വിജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബിജെപി നേതാക്കൾ പറയുന്നു. മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളായ കക്കളംകുന്ന്, കൊടിയമ്മ, ഉളുവാർ, ആരിക്കാടി, ബംബ്രാണ, പേരാൽ എന്നിവിടങ്ങളിലെ വാർഡ് വിഭജനത്തിലും കാര്യമായ മാറ്റം ആരും പ്രതീക്ഷിക്കുന്നുമില്ല.
സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള ലീഗിനകത്തെ ഉൾപ്പോരിൽ നഷ്ടപ്പെട്ട മൊഗ്രാൽ, കൊപ്പളം, കൊടിയമ്മ ഇപ്രാവശ്യം നിഷ്പ്രയാസം ജയിക്കാനാകുമെന്ന് ലീഗ് കണക്കുകൂട്ടുകയും ചെയ്യുന്നു. മൊഗ്രാൽ കെകെ പുറവും, മഡ് വയും കോൺഗ്രസിന്റെ സുരക്ഷിത വാർഡായാണ് അറിയപ്പെടുന്നത്. പെറുവാഡ്, ബദ്രിയനഗർ സിപിഎമ്മിന് സ്വാധീനമുള്ള വാർഡുകളാണ്.
എസ്ഡിപിഐയുടെ കുമ്പളയിലെ ഏക വാർഡായ കുമ്പോലിൽ അതിർത്തികളിൽ ഉണ്ടായ മാറ്റം ആർക്ക് അനുകൂലമാവുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയുണ്ട്. യുഡിഎഫും, ബിജെപിയും നേരിട്ട് പോരാട്ടം നടക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിൽ 11-11 അനുമാനത്തിൽ വന്നാൽ ആര് ഭരിക്കണമെന്ന കാര്യത്തിൽ മറ്റ് രണ്ടംഗങ്ങളുടെ നിലപാടായിരിക്കും നിർണായകമാവുക. അതുകൊണ്ടുതന്നെ 13 അക്കം നേടിയെടുക്കാനുള്ള ശ്രമമായിരിക്കും തിരഞ്ഞെടുപ്പിൽ യുഡിഎഫും, ബിജെപിയും പയറ്റുക.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kumbla Panchayat successfully completed the ward division, without controversy. Political parties maintained their influence, particularly BJP, UDF, and Muslim League.
#KumblaPanchayat, #WardDivision, #PoliticalInfluence, #KeralaPolitics, #KasaragodNews