city-gold-ad-for-blogger

നീലേശ്വരം ടൗൺ ജുമാമസ്ജിദ് നിർമാണത്തിൽ ക്രമക്കേട് ആരോപണം; ജമാഅത്ത് പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാൻ വഖഫ് ബോർഡ് ഉത്തരവ്

Representational image of Nileshwaram Town Juma Masjid President C.K. Abdul Khader
Photo: Special Arrangement

● ഓഡിറ്റ് റിപ്പോർട്ടിൽ 2.38 കോടി രൂപയുടെ വരവ്-ചെലവ് മാത്രമാണുള്ളതെന്ന് ആരോപണം
● വഖഫ് ബോർഡിന്റെ മുൻ ഉത്തരവുകൾ പാലിക്കാത്തതിനാലാണ് പ്രോസിക്യൂഷൻ നടപടി
● നിലവിൽ പള്ളിയുടെ ഭരണസംവിധാനം എക്സിക്യൂട്ടീവ് ഓഫീസർ ടി കെ റഫീഖിന്റെ നിയന്ത്രണത്തിലാണ്
● നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ജമാഅത്ത് പ്രസിഡന്റ് സി കെ അബ്ദുൽ ഖാദർ വ്യക്തമാക്കി

നീലേശ്വരം: (KasargodVartha) നീലേശ്വരം ടൗൺ ജുമാമസ്ജിദ് പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും കെടുകാര്യസ്ഥതയും സംബന്ധിച്ച പരാതിയിൽ ജമാഅത്ത് പ്രസിഡന്റും പള്ളി പുനർനിർമാണ കമ്മിറ്റി ചെയർമാനുമായ സി കെ അബ്ദുൽ ഖാദറിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിട്ടു. വഖഫ് ബോർഡിന്റെ മുൻ ഉത്തരവുകൾ മനഃപൂർവം പാലിച്ചില്ലെന്നുൾപ്പെടെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലുള്ള ടൗൺ ജുമാമസ്ജിദിന്റെ പുനർനിർമാണത്തിനായി നാല് കോടി രൂപ പിരിച്ചെടുത്തിട്ടും വരവ്-ചെലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ടെന്നാരോപിച്ച് ജമാഅത്ത് അംഗം സി എച്ച് റംഷീദും മറ്റ് നാല് മഹൽ നിവാസികളും ചേർന്നാണ് വഖഫ് ബോർഡിൽ പരാതി നൽകിയത്.

പള്ളി നിർമാണത്തിനായി നാല് കോടി രൂപ പിരിച്ചെടുത്തതായി പരാതിയിൽ പറയുമ്പോൾ, ഓഡിറ്റ് റിപ്പോർട്ടിൽ 2.38 കോടി രൂപയുടെ വരവ്-ചെലവ് കണക്കുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് പരാതിക്കാരുടെ ആരോപണം. നിർമാണത്തിനായി നീലേശ്വരം സഹകരണ ബാങ്കിൽ ആരംഭിച്ച അക്കൗണ്ടിൽ പിരിച്ചെടുത്ത തുകയുടെ വലിയൊരു ഭാഗം നിക്ഷേപിച്ചിട്ടില്ലെന്നും ബാങ്ക് സ്റ്റേറ്റ്മെന്റിൽ എട്ട് ലക്ഷം രൂപ മാത്രമാണ് കാണുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചട്ടലംഘനങ്ങളും വഖഫ് ബോർഡ് കണ്ടെത്തലുകളും

വഖഫ് ബോർഡ് പുറപ്പെടുവിച്ച മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നിർമാണവുമായി ബന്ധപ്പെട്ട വരവ്-ചെലവ് ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട ബാധ്യതയുണ്ടായിരുന്നെങ്കിലും നിർമാണ കമ്മിറ്റി ചെയർമാൻ അത് പാലിച്ചില്ലെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. നിർമാണ കമ്മിറ്റിയുടെ മിനിറ്റ്സ്, കണക്കുപുസ്തകങ്ങൾ തുടങ്ങിയ രേഖകൾ വഖഫ് ബോർഡിന് മുന്നിൽ ഹാജരാക്കാൻ തയാറായില്ല. പള്ളി നിർമാണത്തിന് വഖഫ് ബോർഡിന്റെയോ തദ്ദേശസ്ഥാപനത്തിന്റെയോ ആവശ്യമായ അനുമതി വാങ്ങിയില്ലെന്നും കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ഘട്ടങ്ങളിൽ അനുബന്ധ കരാർ തയാറാക്കിയില്ലെന്നും ബോർഡ് കണ്ടെത്തി.

സംഭാവനയായി ലഭിച്ച തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് ആവശ്യാനുസരണം പിൻവലിക്കുന്നതിന് പകരം നിയമാനുസൃതമല്ലാത്ത രീതിയിൽ പണം ചെലവഴിച്ചതായും വഖഫ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്. വഖഫ് ബോർഡിന്റെ മുൻ ഉത്തരവുകൾ പാലിക്കാതിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഒന്നാം പ്രതിയായി ചൂണ്ടിക്കാട്ടപ്പെട്ട സി കെ അബ്ദുൽ ഖാദറിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഉത്തരവിട്ടത്. കെ എസ് ഹംസ അധ്യക്ഷനായ വഖഫ് ബോർഡ് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉമർ ഫൈസി മുക്കം, അഡ്വ പി യു അലി, ഡോ സറീന സലാം, സുമിത നിസാഫ്, സി കെ ഉസ്മാൻ ഹാജി എന്നിവർ ബെഞ്ചിലെ അംഗങ്ങളായിരുന്നു. പ്രോസിക്യൂഷൻ നടപടിയുടെ ഭാഗമായി കോടതിയുടെ മേൽനോട്ടത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ വിചാരണ നടപടികൾ ആരംഭിക്കാനാണ് വഖഫ് ബോർഡിന്റെ തീരുമാനം. നിലവിൽ ടൗൺ ജുമാമസ്ജിദിന്റെ ഭരണസംവിധാനം എക്സിക്യൂട്ടീവ് ഓഫീസർ ടി കെ റഫീഖിന്റെ നിയന്ത്രണത്തിലാണ്.

അപ്പീൽ നൽകുമെന്ന് ജമാഅത്ത് പ്രസിഡന്റ്

വഖഫ് ബോർഡ് നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ജമാഅത്ത് പ്രസിഡന്റ് സി കെ അബ്ദുൽ ഖാദർ പ്രതികരിച്ചു. നിർമാണ പ്രവർത്തനത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ജമാഅത്ത് കമ്മിറ്റിക്ക് നേരത്തേ തന്നെ നൽകിയിട്ടുണ്ടെന്നും, പിന്നീട് വന്ന പുതിയ ജമാഅത്ത് കമ്മിറ്റിക്ക് മുൻ പള്ളിക്കമ്മിറ്റി സെക്രട്ടറി രേഖകൾ കൈമാറാത്തത് കൊണ്ടാണ് അവ വഖഫ് ബോർഡിന് കൈമാറാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെക്കായി ലഭിച്ച എട്ട് ലക്ഷം രൂപ മാത്രമാണ് ബാങ്ക് വഴി മാറിയതെന്നും, അല്ലാത്തവ സംഭാവനയായി ലഭിച്ച പണം ജോലിക്കാർക്കും സാധനങ്ങൾ വാങ്ങാനും മറ്റും ഉപയോഗിച്ചതാണെന്നും ഇതിനെല്ലാം ബില്ലും രേഖകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് കോടി ലഭിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും 2.38 കോടിയാണ് ആകെ ചെലവായതെന്നും, അഞ്ച് ലക്ഷത്തിലധികം രൂപ ഇപ്പോഴും നിർമാണത്തിനായി സാധനങ്ങൾ വാങ്ങിയ കടയുടമകൾക്ക് നൽകാനുണ്ടെന്നും അബ്ദുൽ ഖാദർ കൂട്ടിച്ചേർത്തു. അന്തരിച്ച ഖാസിയുടെ മഖ്ഫിറ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ജമാഅത്തിൽ പ്രശ്നം ഉണ്ടായതെന്നും ചിലർക്ക് തന്നോട് വിരോധം തോന്നാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. നിർമാണ കമ്മിറ്റി കൺവീനർ അടക്കം കമ്മിറ്റിയിൽ 22 പേർ ഉണ്ടായിരുന്നെങ്കിലും തനിക്ക് എതിരെ മാത്രമാണ് പ്രോസിക്യൂഷൻ നടപടി ഉണ്ടായിരിക്കുന്നതെന്നും, വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The State Waqf Board ordered prosecution against Nileshwaram Town Juma Masjid President C.K. Abdul Khader over financial irregularities, and he stated they will appeal.

#Nileshwaram #TownJumaMasjid #WaqfBoard #KeralaNews #CKAbdulKhader #KasaragodNews #MosqueConstruction #AparnaNews 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia