മാനവ സൌഹൃദ സന്ദേശയാത്ര നീലേശ്വരത്ത് വിഎസ് പക്ഷം ബഹിഷ്ക്കരിച്ചു
May 23, 2012, 16:45 IST
നീലേശ്വരം: സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പി. കരുണാകരന്‍ എംപി നയിച്ച വടക്കന്‍ മേഖല മാനവ സൌഹൃദ സന്ദേശയാത്ര നീലേശ്വരത്ത് വിഎസ് പക്ഷം ബഹിഷ്ക്കരിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ വിഎസ് - പിണറായി പോര് രൂക്ഷമാവുകയും വിഎസ് ഏത് നിമിഷവും പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെ നീലേശ്വരത്ത് വിഎസ് അനുകൂലികള്‍ ഔദ്യോഗിക വിഭാഗവുമായി തികഞ്ഞ നിസ്സഹരണത്തിലാണ്.
പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് നീലേശ്വരത്ത് വിഎസ് അനുകൂല ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരുകയും ചെയ്തിരുന്നു. ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ശേഖരിച്ചുവരികയും ഇവര്‍ക്കെതിരെ നടപടിക്ക് നീക്കം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാനവ സൌഹൃദ സന്ദേശയാത്ര ചൊവ്വാഴ്ച നീലേശ്വരത്ത് പര്യടനം നടത്തിയത്.
ഈയാത്ര ഔദ്യോഗിക പക്ഷത്തിന്റെ പരിപാടിയായി കണ്ട് വിഎസ് പക്ഷം ബഹിഷ്ക്കരിക്കുകയായിരുന്നു. മാനവ സൌഹൃദ സന്ദേശയാത്രയുടെ നീലേശ്വരം ലോക്കല്‍ പരിധിയിലെ സ്വീകരണത്തിലും പര്യടനത്തിലും വിഎസ് അനുകൂലികളായ പ്രവര്‍ത്തകരുടെ പങ്കാളിത്തമുണ്ടായിരുന്നില്ല. മറിച്ച് ഔദ്യോഗിക പക്ഷത്തോട് കൂറ് പുലര്‍ത്തുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ജാഥയെ പേരോല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാര്യങ്കോട് പാലത്തിന് സമീപം നീലേശ്വരം ഏരിയയിലേക്ക് വരവേറ്റത്. തുടര്‍ന്ന് പള്ളിക്കര ലോക്കല്‍ കമ്മിറ്റി പള്ളിക്കരയിലും നീലേശ്വരം ലോക്കല്‍ കമ്മിറ്റി പോലീസ് സ്റേഷന്‍ പരിസരത്തും ജാഥയ്ക്ക് സ്വീകരണം നല്‍കുകയായിരുന്നു.
നീലേശ്വരം ലോക്കല്‍ കമ്മിറ്റിയുടെ സ്വീകരണയോഗത്തിന് നേതൃത്വം നല്‍കാന്‍ മാത്രമാണ് ലോക്കല്‍ സെക്രട്ടറി പി വി ശൈലേഷ്ബാബു എത്തിച്ചേര്‍ന്നത്. ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം സമാപിച്ചതും സമാപന ദിവസമായ ഇന്നലെ പര്യടനം പുനരാരംഭിച്ചതും നീലേശ്വരം ലോക്കല്‍ പരിധിയില്‍നിന്നാണ്. ജാഥയെ സ്വീകരിക്കാനെത്തിയ വിഎസ് പക്ഷക്കാരന്‍ കൂടിയായ ലോക്കല്‍ സെക്രട്ടറി ശൈലേഷ്ബാബു രണ്ടാംദിവസത്തെ പര്യടന സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ജാഥാ ലീഡര്‍ക്ക് ഹാരാര്‍പ്പണം നടത്തിയശേഷം തിടുക്കത്തില്‍ സ്ഥലംവിട്ടത് ഔദ്യോഗികപക്ഷം ശ്രദ്ധിച്ചു. കാല്‍നടജാഥയില്‍ നിരവധി നേതാക്കള്‍ അണിനിരന്നപ്പോവും ശൈലേഷ്ബാബു ജാഥയില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചില്ല.
നേരത്തെ നീലേശ്വരം ലോക്കലില്‍ ജാഥയുടെ വിളമ്പരം നടക്കാതിരുന്നത് ശൈലേഷ് ബാബുവിന്റെ നിലപാട് മൂലമാണെന്നാണ് ഔദ്യോഗിക പക്ഷം കുറ്റപ്പെടുത്തുന്നത്. വിഎസിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുന്ന ശൈലേഷ് ബാബുവിന്റെ തട്ടകത്തില്‍ മാനവ സൌഹൃദ സന്ദേശയാത്രയ്ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണം പാര്‍ട്ടിയില്‍ ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് കാരണമാകും. നീലേശ്വരത്തെ വിഎസ് ഓട്ടോസ്റാന്റിലെ ഡ്രൈവര്‍മാരെല്ലാം ജാഥയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
വിഎസ് അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി നീലേശ്വരം ഏരിയാസെക്രട്ടറി ടികെ രവി മുന്‍കൈയെടുത്ത് രൂപീകരിച്ച അനുഭാവി ഗ്രൂപ്പിന്റെ പ്രയോജനം ഔദ്യോഗിക പക്ഷത്തിന് ലഭിക്കാത്ത സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. മാനവ സന്ദേശയാത്രയെ പരാജയപ്പെടുത്താന്‍ ലോക്കല്‍ സെക്രട്ടറി ബോധപൂര്‍വ്വം ശ്രമം നടത്തിയെന്നാണ് ഔദ്യോഗികപക്ഷം കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ ലോക്കല്‍ കമ്മിറ്റിക്ക് മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഔദ്യോഗിക പക്ഷം ആലോചിക്കുന്നുണ്ട്.
Keywords: VS group boycott, CPM's message rally, Nileshwaram, Kasaragod