വികസന കുതിപ്പിന് കുമ്പള ഒരുങ്ങുന്നു; പുതിയ പ്രസിഡന്റായി വി പി അബ്ദുൽ ഖാദർ ഹാജി ചുമതലയേറ്റു
● 1963-77 കാലഘട്ടത്തിൽ മൊഗ്രാലിൽ നിന്നുള്ള എം സി അബ്ദുൽ ഖാദർ ഹാജി ദീർഘകാലം പ്രസിഡന്റായിരുന്നു.
● കുമ്പളയുടെ സമഗ്ര വികസനത്തിന് പുതിയ നേതൃത്വം കരുത്താകുമെന്ന് നാട്ടുകാരുടെ പ്രതീക്ഷ
● ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്സ്, മത്സ്യ മാർക്കറ്റ് എന്നിവയുടെ പൂർത്തീകരണത്തിന് മുൻഗണന.
● സി എച്ച് സി നവീകരണവും റെയിൽവേ സ്റ്റേഷൻ വികസനവും പ്രധാന ആവശ്യങ്ങൾ.
● ആരിക്കാടി കോട്ടയും ബീച്ച് ടൂറിസവും വികസിപ്പിക്കണമെന്ന് ആവശ്യം.
കുമ്പള: (KasargodVartha) പതിനൊന്നാമത് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കുമ്പള 20-ആം വാർഡ് ബദ്ര്യായാനഗറിൽ നിന്നുള്ള പഞ്ചായത്ത് അംഗം വി പി അബ്ദുൽ ഖാദർ ഹാജി ചുമതലയേറ്റു. നാലര പതിറ്റാണ്ടുകൾക്ക് ശേഷമാണ് പ്രസിഡന്റ് പദവി മൊഗ്രാൽ ഇശൽ ഗ്രാമത്തിന് വീണ്ടും ലഭിക്കുന്നത്.
1963-77 കാലഘട്ടത്തിൽ മൊഗ്രാലിൽ നിന്നുള്ള തലമുതിർന്ന മുസ്ലിം ലീഗ് നേതാവ് എം സി അബ്ദുൽ ഖാദർ ഹാജിയായിരുന്നു പ്രസിഡന്റ് പദവിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചത്. അതിനുശേഷം 1977-79ൽ കോൺഗ്രസ് നേതാവ് ഐ രാമറൈ പ്രസിഡന്റ് പദവിയിലിരുന്നു.

1979-84, 88-1995 കാലയളവിൽ മുസ്ലിം ലീഗ് നേതാവ് കെ പി അബ്ദുൽ റഹ്മാൻ ആരിക്കാടിയായിരുന്നു പ്രസിഡന്റ്. 1995-98ൽ ബഷീർ മുഹമ്മദ് കുഞ്ഞിയും തുടർന്ന് എം പി മുഹമ്മദ് ബംബ്രാണ (1998-2000), ആയിശാ സത്താർ (2000-2005), എം അബ്ബാസ് ആരിക്കാടി (2005-2010), റംല പി എച്ച് (2010-2014), പുണ്ടരികാക്ഷ കെ എൽ (2015-2020), യു പി താഹിറ യൂസഫ് (2014-2015, 2020-25) എന്നിവരും പ്രസിഡന്റ് പദവി അലങ്കരിച്ചു.

കുമ്പളയുടെ സമഗ്രമായ വികസനത്തിന് വി പി അബ്ദുൽ ഖാദർ ഹാജിയുടെ നേതൃത്വം കരുത്താകുമെന്ന പ്രത്യാശയിലാണ് പാർട്ടി പ്രവർത്തകരും നാട്ടുകാരും. കുമ്പള ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്, മത്സ്യ മാർക്കറ്റ് പൂർത്തീകരണം, കുമ്പള സി എച്ച് സി നവീകരണ പദ്ധതി എന്നിവ പ്രധാന ആവശ്യങ്ങളാണ്

കൂടാതെ കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം, ആരിക്കാടി കോട്ട, ബീച്ച്-പുഴയോര ടൂറിസം പദ്ധതി, കൊടിയമ്മ-കഞ്ചിക്കട്ട പാലം പുനർനിർമാണം, മൊഗ്രാൽ കാടിയം കുളം നവീകരണ പദ്ധതി തുടങ്ങിയവയ്ക്ക് മുൻഗണന നൽകി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവെക്കുന്നു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: V P Abdul Khader Haji took charge as the 11th President of Kumbla Grama Panchayat.
#Kumbla #Mogral #PanchayatPresident #KasaragodNews #LocalBody #Development






