city-gold-ad-for-blogger

വോട്ടർ പട്ടിക നവീകരണം: അധ്യാപകരെ ബിഎൽഒ ആക്കിയത് സ്കൂൾ പഠനം അവതാളത്തിലാക്കും; ആശങ്കയിൽ പിടിഎകളും പ്രധാനാധ്യാപകരും

 Teacher appointed for BLO duty
Photo: Special Arrangement

● ക്ലാസുകൾ മുടങ്ങുന്നത് ക്രിസ്മസ് പരീക്ഷയിലെ വിദ്യാർത്ഥികളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കും.
● മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മുടങ്ങിയ ജോലി പിന്നീട് തീർപ്പാക്കാൻ സാധിക്കും, എന്നാൽ അധ്യാപകർക്ക് അത് പ്രായോഗികമല്ല.
● തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ ബിഎൽഒമാരായി നിയമിച്ച നടപടി റദ്ദാക്കി.
● ആദ്യ ഘട്ടത്തിൽ എല്ലാ ബൂത്തുകളിലും ആവശ്യമായത്ര എൻഫൊർമേഷൻ ഫോം ലഭ്യമല്ല.

കാസർകോട്: (KasargodVartha) വോട്ടർ പട്ടിക നവീകരണത്തിന് ബൂത്ത് ലെവൽ ഓഫീസർമാരായി (ബിഎൽഒ) നിയോഗിക്കപ്പെട്ട അധ്യാപകർ ചുമതല നിർവഹിക്കാൻ ഫീൽഡിൽ പോകുന്ന ദിവസങ്ങളിൽ സ്കൂളുകളിൽ ക്ലാസ്സുകളുടെ നടത്തിപ്പ് അവതാളത്തിലാകുമെന്ന ആശങ്ക ശക്തമാകുന്നു. 

ഇവരുടെ അഭാവത്താൽ ക്ലാസ്സ് നടത്തേണ്ടതെങ്ങനെയെന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാത്തതിനാൽ ജില്ലയിലെ പ്രധാനാധ്യാപകരും അധ്യാപക രക്ഷാകർതൃ സമിതികളും (പിടിഎ) ആശങ്കയിലാണ്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമേ എൽപി, യുപി, ഹൈസ്കൂൾ വിഭാഗം അധ്യാപക-അനധ്യാപക ജീവനക്കാർ ഉൾപ്പെടെയാണ് ബൂത്ത് ലെവൽ ഓഫീസർമാരായി നിയോഗിക്കപ്പെട്ടത്. അവർ ഇന്നലെ മുതൽ ഈ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 

നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് ഇവർ ബിഎൽഒമാരായി വീടുകൾ സന്ദർശിച്ച് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. ഈ ദിവസങ്ങളിൽ അധ്യാപകർ സ്കൂളുകളിൽ എത്തേണ്ടതില്ലെന്നാണ് നിർദ്ദേശം.

മറ്റ് വകുപ്പുകളിലെ ഓഫീസർമാരെ ബിഎൽഒമാരായി നിയമിച്ചവർക്ക് ഒരു മാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അവരുടെ മുടങ്ങിയ ജോലി തീർപ്പാക്കാനാകും. എന്നാൽ, അധ്യാപകർക്ക് അങ്ങനെയല്ല. 

പഠിപ്പിക്കേണ്ട പാഠങ്ങൾ ഒരു മാസം കഴിഞ്ഞ് പഠിപ്പിക്കാം എന്നത് പ്രാവർത്തികമല്ല. കൃത്യമായി ക്ലാസ് നടക്കാതിരുന്നാൽ ക്രിസ്മസ് പരീക്ഷയിൽ വിദ്യാർത്ഥികളുടെ മികവിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പ്രധാനാധ്യാപകരും പിടിഎയും.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ ബിഎൽഒമാരായി നിയമിച്ച നടപടി റദ്ദാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്ഐആർ (സമഗ്ര വിവര ശേഖരണം) നടപ്പാക്കാനുള്ള തീരുമാനം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച ഉത്തരവ് ആശയക്കുഴപ്പത്തിനിടയാക്കിയത്.

അതിനിടെ, ഓരോ ബൂത്തിലും ആയിരത്തോളം വോട്ടർമാരാണുള്ളതെങ്കിലും മിക്കയിടങ്ങളിലും ആദ്യം കൈമാറിയത് 300 പേർക്കുള്ള എൻഫൊർമേഷൻ ഫോമാണ്. അച്ചടി പൂർത്തിയാകാത്തതാണ് വിതരണം ഭാഗികമാകാൻ കാരണമെന്നാണ് അധികൃതരുടെ വാദം. ശേഷിക്കുന്ന ഫോമുകൾ വരും ദിവസങ്ങളിൽ എത്തിച്ചുനൽകുമെന്നും അവർ അറിയിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Teachers' BLO duty for voter list revision affects school studies.

#KeralaNews #VoterList #TeacherDuty #BLO #SchoolCrisis #KasargodVartha

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia