city-gold-ad-for-blogger

വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമെന്ന് മുസ്ലിം ലീഗ്; 'സി പി എമ്മിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ നീക്കം'

A photo of an IUML flag
Image Credit: Facebook/ IUML Online

● തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് ആരോപണം.
● ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം.
● വോട്ടർമാരെ മാറ്റിമറിച്ചത് വ്യാപക പരാതിക്കിടയാക്കി.
● നീതി നടപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ്.
● വാർഡുകളുടെ അതിരുകൾ ലംഘിക്കപ്പെട്ടു.
● ചരിത്രത്തിൽ തുല്യതയില്ലാത്ത ക്രമക്കേടുകളാണ് നടന്നത്.

കാസർകോട്: (KasargodVartha) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഡീ ലിമിറ്റേഷൻ കമ്മീഷനെയും ജില്ലാ ഭരണകൂടത്തെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യോഗം വിലയിരുത്തി. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ച വികലമായ വോട്ടർ പട്ടികയെന്നും യോഗം അഭിപ്രായപ്പെട്ടു.

വ്യാപക ക്രമക്കേടുകൾ

വാർഡുകളുടെ അന്തിമ വിഭജന നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ള അതിരുകൾ ലംഘിച്ചും, അനുബന്ധങ്ങളിൽ പറഞ്ഞിരുന്ന വീടുകളെ ഒഴിവാക്കിയും, ജനസംഖ്യാ ശരാശരി അട്ടിമറിച്ചും വോട്ടർമാരെ മറ്റൊരു വാർഡിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയുമുള്ള വ്യാപക ക്രമക്കേടുകളാണ് നടന്നിരിക്കുന്നതെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സി.പി.എമ്മിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വേണ്ടി തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയിരിക്കുകയാണെന്നും യോഗം കൂട്ടിച്ചേർത്തു. ചരിത്രത്തിൽ തുല്യതയില്ലാത്ത ക്രമക്കേടുകളാണ് വോട്ടർ പട്ടികയിൽ വരുത്തിയിട്ടുള്ളതെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ അടിമത്തമെന്ന് ലീഗ്

ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാനദണ്ഡങ്ങൾ ലംഘിച്ച് വോട്ടർമാരെ പരസ്പരം മാറ്റിമറിച്ചതിനെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. എന്നിട്ടും നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകാത്തത് രാഷ്ട്രീയ അടിമത്തത്തിന്റെ സൂചനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകളിൽ മാനദണ്ഡങ്ങളും അതിർത്തികളും മാറ്റിമറിച്ച് വോട്ടുകൾ മാറ്റി ചേർത്ത അന്യായ നടപടി പുനഃപരിശോധിച്ച് നീതി നടപ്പാക്കണമെന്നും ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി.എം. മുനീർ ഹാജി, കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, അഡ്വ. എൻ.എ. ഖാലിദ്, എ.ബി. ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള തുടങ്ങിയവർ പ്രസംഗിച്ചു.

Article Summary: Muslim League alleges voter list irregularities in local elections.

#KeralaPolitics #VoterList #LocalElections #MuslimLeague #CPM #PoliticalNews


 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia