FSSAI | 'കുടിവെള്ള വിതരണം അനധികൃതം'; സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂട്ട്
*ലേബലില്‍ നിര്‍മാണ തിയതിയോ കാലാവധിയോ രേഖപ്പെടുത്തിയിരുന്നില്ല.
*ബ്യൂറോ ഓഫ് ഇന്‍ഡ്യ സ്റ്റാന്‍ഡേര്‍ഡിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല.
*10 ലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ അധികാരമുണ്ട്.
*ആര്‍ഡിഒ കോടതിയില്‍ അഡ്ജുഡികേഷന്‍ കേസിന് അനുമതി.
കാസര്‍കോട്: (KasargodVartha) അനധികൃതമായി കുടിവെള്ള വില്‍പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടിയെടുത്തതായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. വിദ്യാനഗറിലെ പുവര്‍ വാട്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ഈ സ്ഥാപനത്തില്‍ നിന്നും വിതരണം നടത്തിയ കുടിവെള്ളം കുടിച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
കുടിവെള്ളം ഉദ്പാദിപ്പിച്ച് വിതരണം ചെയ്യേണ്ട സ്ഥാപങ്ങള്‍ പാലിക്കേണ്ട ബ്യൂറോ ഓഫ് ഇന്‍ഡ്യ സ്റ്റാന്‍ഡേര്‍ഡിന്റെ ഗുണനിലവാര മാനദണ്ഡങ്ങളോ, ഭക്ഷ്യസുരക്ഷാ ലൈസന്‍സോ പാലിച്ചിരുന്നില്ലെന്നും കടുത്ത നിയമലംഘനം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.
കൂടാതെ ലേബലില്‍ നിര്‍മാണ തിയതിയോ കാലാവധിയോ രേഖപ്പെടുത്തിയിരുന്നില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ കുടിവെള്ളം വിതരണം നടത്തിയതിന് പുവര്‍ വാട്ടര്‍ സ്ഥാപനത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ കാസര്‍കോട് ആ ര്‍ ഡി ഒ കോടതിയില്‍ അഡ്ജുഡികേഷന്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുമതിയും നല്‍കി. സ്ഥാപനത്തിരെ 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ ആര്‍ ഡി ഒ കോടതിക്ക് അധികാരമുണ്ട്.
ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഗുണനിലവാര പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ടിഫികേഷന്‍ നേടാതെ കുടിവെള്ളം ഉദ്പാദിപ്പിച്ച് വിതരണം നടത്തുന്നത് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കടുത്ത നിയമലംഘനമാണ്. ഇത് സംബന്ധിച്ച് കേരള ഹൈകോടതിയുടെ നിര്‍ദേശവും നിലവിലുണ്ട്.