Action | അധികൃതർ ഉറങ്ങുമ്പോൾ, നാട്ടുകാർ ഉണർന്നു! തകർന്ന റോഡ് നന്നാക്കി പ്രദേശവാസികളുടെ കൂട്ടായ്മ
അധികൃതരുടെ അവഗണനയിൽ വർഷങ്ങളായി തകർന്നടിഞ്ഞു കിടക്കുകയായിരുന്നു
പൈവളികെ: (KasargodVartha) അധികൃതരുടെ അവഗണനയിൽ വർഷങ്ങളായി തകർന്നടിഞ്ഞു കിടക്കുന്ന റോഡിനെ താത്കാലികമായി സഞ്ചാരയോഗ്യമാക്കി നാട്ടുകാരുടെ കൂട്ടായ്‌മ. പൈവളികെ പഞ്ചായതിലെ ചേവാർ - കൊരട്ടിക്കാട് റോഡിലെ കുഴികളാണ് നാട്ടുകാർ അടച്ചത്. ചെറുതും വലുതുമായ അനേകം കുഴികൾ റോഡിലുണ്ട്. ഇത് വാഹനയാത്രക്കാർക്ക് ഏറെ ദുരിതമായിരുന്നു.
ഇതുവഴി കാൽനട യാത്രപോലും ദുസ്സഹമായിരുന്നു. ഇരുചക്ര വാഹനങ്ങൾ അടക്കം കുഴിയിൽ വീണ് ആളുകൾ അപകടത്തിൽ പെടുന്നതും പതിവാണ്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കടന്നുപോകുന്ന റോഡാണിത്. റേഷൻ കടയിലേക്കും മറ്റ് അവശ്യകാര്യങ്ങൾക്കും പോകാൻ പോലും ഈ റോഡ് തന്നെയായിരുന്നു ആശ്രയം.
റോഡിന്റെ അവഗണന ചൂണ്ടിക്കാട്ടി നിരവധി തവണ പഞ്ചായത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇതോടെയാണ് 'ടോക്‌സിക് ഫ്രണ്ട്‌സ് ചേവാർ' എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നിച്ചുകൂടി റോഡ് താൽക്കാലികമായി നന്നാക്കിയത്.
കൂട്ടായ്‌മയുടെ പ്രസിഡന്റ് സന്ദേശ്, ചന്ദ്ര, സുകേഷ്, ശ്രേയഷ്, കാർത്തിക്, ഉദയ, ആനന്ദ, വസന്ത, ഈശ്വര തുടങ്ങിയവരുടെ നേതൃത്വത്തിലാണു കുഴികൾ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയത്. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി അധികൃതർ ഉടൻ തന്നെ റോഡ് ടാറിങിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.