Protest | താളം തെറ്റി പള്ളിക്കരയിൽ വില്ലേജ് ഓഫീസ് പ്രവർത്തനം; പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്
● 'അന്യ ജില്ലകളിൽ നിന്ന് നിയമനം കിട്ടി വരുന്നവർ കുറച്ച് ദിവസങ്ങൾ മാത്രം ജോലി ചെയ്ത് മടങ്ങുന്നു.'
● 'സാധാരണക്കാർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാവാതെ നിരാശരായി മടങ്ങേണ്ടിവരുന്നു.'
പള്ളിക്കര: (KasargodVartha) പള്ളിക്കര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ അഭാവം ജനജീവനത്തെ ബാധിക്കുന്ന പ്രശ്‌നമായിരിക്കുകയാണെന്ന് കെപിസിസി അംഗം ഹക്കീം കുന്നിൽ ആരോപിച്ചു.
ഒരു മുൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പ്രദേശത്ത് പോലും വില്ലേജ് ഓഫീസറുടെ ഓഫീസറെ നിയമിക്കാനാവാത്ത സ്ഥിതിയാണ് ജില്ലയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അന്യ ജില്ലകളിൽ നിന്ന് നിയമനം കിട്ടി വരുന്ന ജീവനക്കാർ കുറച്ച് ദിവസങ്ങൾ മാത്രം ജോലി ചെയ്ത് മടങ്ങുന്ന സ്ഥിതിയാണുള്ളത്. ഇത് സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
സാധാരണക്കാർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാവാതെ നിരാശരായി മടങ്ങേണ്ടിവരുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ജീവനക്കാരുടെ കുറവ് മൂലം ഇത്തരത്തിൽ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുന്നത് ഉടൻ തന്നെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസിൽ സ്ഥിരം ജീവനക്കാരെ നിയാനിക്കുക, വില്ലേജ് സേവനങ്ങൾ യഥാസമയം ലഭ്യമാക്കുക, അന്യജില്ലയിൽ നിന്നും വില്ലേജ് ഓഫീസർമാരെ നിയമിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ ഉൾപ്പടെയുള്ള അധികാരികൾക്ക് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനം നൽകി.
പ്രസിഡണ്ട് രവീന്ദ്രൻ കരിച്ചേരി അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മുൻ പാർലിമെൻ്ററി മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവൽ, രാജേഷ് പള്ളിക്കര, കെ ചന്തുക്കുട്ടി പൊഴുതല, ചന്ദ്രൻ തച്ചങ്ങാട്, വി. ബാലകൃഷണൻ നായർ, വി. വി കൃഷ്ണൻ, രത്നാകരൻ നമ്പ്യാർ, ലത പനയാൽ, യശോദ നാരായണൻ, അഖിലേഷ് തച്ചങ്ങാട്, സീനകരുവാക്കോട്, ഗോപാലകൃഷ്ണൻ കരിച്ചേരി, ബാലചന്ദ്രൻ തൂവൾ, ശ്രീനിവാസൻ അരവത്ത്, ബി. ടി രമേശൻ, എന്നിവർ സംസാരിച്ചു. മഹേഷ് തച്ചങ്ങാട് സ്വാഗതവും, ദാമോദരൻ വള്ളിയാലുങ്കാൽ നന്ദിയും പറഞ്ഞു.
#PallikkaraProtest #VillageOffice #StaffShortage #Kerala #GovernmentServices #Congress