പിടുത്തവും വിൽപ്പനയും തടഞ്ഞ മത്തിക്കുഞ്ഞുങ്ങൾ മത്സ്യമാർക്കറ്റുകളിൽ സുലഭമായി എത്തുന്നു; കിലോയ്ക്ക് 50 രൂപ മാത്രം
● കടലിലെ അനുകൂല കാലാവസ്ഥ എണ്ണം കൂടാൻ കാരണമായെന്ന് കേന്ദ്ര പഠനം.
● മത്തിക്കുഞ്ഞുങ്ങളുടെ വളർച്ച മുരടിപ്പിച്ചെന്നും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തി.
● വളർച്ച മുരടിച്ചതിനാൽ വലിപ്പമില്ലാത്തതാണ് വില കുറയാൻ കാരണം.
● രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ അനിവാര്യമെന്ന് സി.എം.എഫ്.ആർ.ഐ.
കാസർകോട്: (KasargodVartha) കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പ് മേധാവികളുടെ വിലക്ക് നിലനിൽക്കെ മത്തിക്കുഞ്ഞുങ്ങൾ മത്സ്യമാർക്കറ്റുകളിൽ സുലഭമാകുന്നു. കടലിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കാൻ പാടില്ലെന്നും, വലയിൽ കുടുങ്ങിയാൽ പോലും തിരിച്ച് കടലിൽ തന്നെ തള്ളണമെന്നുമാണ് അധികൃതരുടെ കർശന നിർദ്ദേശം. എന്നാൽ നിലവിൽ കടലിൽ മൊത്തം മത്തിയുടെ എണ്ണം വർദ്ധിച്ചതോടെ മത്തിക്കുഞ്ഞുങ്ങൾ യഥേഷ്ടം മത്സ്യമാർക്കറ്റുകളിൽ എത്തിത്തുടങ്ങി. കിലോയ്ക്ക് 50 രൂപ മാത്രമാണ് ഇവയുടെ വില.
വളർച്ച മുരടിച്ചെന്ന് കേന്ദ്ര പഠനം
കടലിലെ അനുകൂല കാലാവസ്ഥ മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടാൻ കാരണമായെന്നും, എന്നാൽ അവയുടെ വളർച്ച മുരടിപ്പിച്ചെന്നുമാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനത്തിലെ കണ്ടെത്തൽ. വലിപ്പമില്ലാത്തതാണ് മത്തിക്കുഞ്ഞുങ്ങൾക്ക് വില കുത്തനെ ഇടിയാൻ കാരണം. വലിയ മത്തികൾക്ക് ഇപ്പോഴും വിപണിയിൽ നല്ല ഡിമാൻഡുണ്ട്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മത്തിയുടെ വളർച്ചയെ വലിയ തോതിൽ ബാധിച്ചതിനാൽ വലിയ മത്തിയുടെ ലഭ്യത കുറഞ്ഞു. വൻതോതിൽ ലഭിക്കുന്ന മത്തിക്കുഞ്ഞുങ്ങളെ അധികൃതർ അറിയാതെ ജൈവവള നിർമ്മാണത്തിനും മറ്റുമായി ബോട്ട് ഉടമകളും മത്സ്യത്തൊഴിലാളികളും നൽകേണ്ടി വരുന്നുണ്ട്.
മത്തിക്കുഞ്ഞുങ്ങൾ കരക്കടിയുന്നു
കേരളതീരത്ത് ഇതിനകം തന്നെ വിവിധ കടൽ തീരങ്ങളിൽ മത്തിക്കുഞ്ഞുങ്ങൾ കരക്കടിയുന്ന സ്ഥിതി വരെ എത്തി. മത്തിക്കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണങ്ങളും മറ്റും ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര പഠനത്തിൽ നിർദ്ദേശിക്കുന്നത്. മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ അനിവാര്യമാണെന്നും പഠനത്തിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐ മേധാവി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ: യു ഗംഗ പറയുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
Article Summary: Baby sardines flood markets despite ban; CMFRI finds stunted growth.
#KeralaNews #FishBan #SardineCrisis #CMFRI #Fisheries #Kasargod






