Demand | വേതനം ഓണത്തിന് മുമ്പ് അനുവദിക്കുക: വീഡിയോ ഗ്രാഫർമാരുടെ ആവശ്യം
● പാർലമെൻറ് ഇലക്ഷൻ വീഡിയോ ഗ്രാഫർമാർക്ക് വേതനം വൈകി.
● ധനമന്ത്രിക്ക് നിവേദനം നൽകി.
കാസർകോട്: (KasargoodVartha) പാർലമെൻറ് ഇലക്ഷൻ വീഡിയോ ഗ്രാഫി തൊഴിലെടുത്ത വീഡിയോ ഗ്രാഫർമാർക്ക് ലഭിക്കാനുള്ള വേതനം ഓണത്തിന് മുമ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി ധനമന്ത്രി കെ.എൻ ബാലഗോപാലിന് നിവേദനം നൽകി. തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലന്റെ സാന്നിദ്ധ്യത്തിലാണ് തിരുവനന്തപുരം മന്ത്രിയുടെ ഓഫീസിൽ വച്ച് നിവേദനം നൽകിയത്.
നിവേദനത്തിൽ, വേതനം വൈകുന്നത് മൂലം വീഡിയോ ഗ്രാഫർമാർ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഓണക്കാലത്ത് വേതനം ലഭിക്കാത്തത് ജീവനക്കാരുടെ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ട്രഷറർ വി.സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം ദിനു മേക്കാട്ട് എന്നിവരും നിവേദന സമർപ്പണത്തിൽ പങ്കെടുത്തു.
ധനമന്ത്രി നിവേദനം സ്വീകരിച്ചുകൊണ്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.