HC Order | ഒടയംചാൽ - ചെറുപുഴ റോഡിൽ വാഹനഗതാഗതം സ്തംഭിച്ചേക്കും; ഹൈകോടതി ഉത്തരവിനെ തുടർന്ന് വെള്ളരിക്കുണ്ട് സബ് ട്രഷറി കവലയിലെ കലുങ്ക് പൊളിച്ചു മാറ്റാൻ ഉദ്യോഗസ്ഥരെത്തി
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasaragodVartha) റോഡ് നിർമാണത്തിനിടെ പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമിച്ചത് പ്രദേശവാസിയുടെ സ്ഥലം കയ്യേറിയാണെന്ന പരാതിയിൽ ചെറുപുഴ - ഒടയംചാൽ റോഡിലെ വെള്ളരിക്കുണ്ട് സബ് ട്രഷറി ജൻക്ഷനിലെ കലുങ്ക് പൊളിച്ചു മാറ്റാൻ ഹൈകോടതി ഉത്തരവ്. ഇതോടെ ചെറുപുഴ - ഒടയംചാൽ റോഡിൽ വാഹനഗതാഗതം സ്തംഭിക്കുമെന്നാണ് ആശങ്ക.
കലുങ്ക് പൊളിച്ച് മാറ്റുന്നതിനള്ള പ്രാരംഭ നടപടികൾക്കായി ചൊവ്വാഴ്ച രാവിലെ വെള്ളരിക്കുണ്ടിൽ എത്തിയ പൊതുമാരാമത്ത് എക്‌സിക്യൂടീവ് എൻജിനീയർ രസ്‌നാൽ അലി, അസിസ്റ്റന്റ് എക്‌സിക്യൂടീവ് എൻജിനീയർ ഫ്രാൻസിസ് ജോർജ്, അസിസ്റ്റന്റ് എൻജിനീയർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെ ജനപ്രധിനിധികൾ അടക്കമുള്ള നാട്ടുകാർ പ്രതിഷേധം അറിയിച്ചു.
മണിക്കൂറിൽ നിരവധി വാഹനങ്ങൾ ഓടുന്ന പ്രധാന റോഡായ ചെറുപുഴ - ഒടയംചാൽ റോഡിലെ കലുങ്ക് പൊളിച്ചു മാറ്റാൻ അനുവദിക്കില്ലെന്നും കയ്യേറ്റക്കാരെയും നിയമങ്ങൾ ലംഘിച്ചുകൊണ്ട് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ ആർജവം കാണിക്കണമെന്നും ആവശ്യപ്പെട്ട് സർകക്ഷി യോഗം വിളിച്ചു ചേർക്കുമെന്ന് പരപ്പ ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ് കാസർകോട് വാർത്തയോട് പറഞ്ഞു.
കാലാകാലങ്ങളായി മഴക്കാലത്ത് വെള്ളം ഒഴുകിപ്പോയിരുന്ന സബ് ട്രഷറി ജൻക്ഷനിലെ കലുങ്ക്, റോഡ് നവീകരണത്തിനിടെ തന്റെ സ്ഥലം കയ്യേറി ഗതി മാറ്റി നിർമിച്ചതാണെന്നും ആകെയുള്ള ഭൂമി തിരികെ ലഭിക്കാൻ കലുങ്ക് പൊളിച്ചുമാറ്റി വെള്ളം മറ്റൊരു വഴി ഒഴുക്കി വിടണമെന്നും കാണിച്ച് മാലോം സ്വദേശി മൈലാടൂർ അലക്സാണ്ടറാണ് ഹൈകോടതിയെ സമീപിച്ചത്.
പ്രദേശവാസിയുടെ താൽപര്യാർഥം, മുൻപ് വെള്ളം ഒഴുകിയ കലുങ്ക് റോഡ് നവീകരണത്തിനിടെ അന്നത്തെ വകുപ്പ് ഉദ്യോഗസ്ഥർ ഗതിമാറ്റി നിർമിച്ചതാണെന്നാണ് പരാതിക്കാരൻ ഹൈകോടതിയിൽ ഉന്നയിച്ചത്. എന്നാൽ കലുങ്ക് പൊളിച്ചു മാറ്റണമെന്ന ഹൈകോടതിയുടെ സുപ്രധാന വിധി വരുന്നതിന് മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ചർച്ചപോലും പഞ്ചായത് തലത്തിലോ പ്രാദേശിക തലത്തിലോ നടന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെയും പരാതിക്കാരന്റെയും ഒത്തുകളിയാണെന്നും ആരോപണമുണ്ട്.