city-gold-ad-for-blogger

കള്ളപ്പണക്കടത്ത് തടയാന്‍ കര്‍ശനനടപടിക്ക് പോലീസ് ചീഫ്: ജില്ലയില്‍ പുലരും വരെ വാഹനപരിശോധന; നിരവധി വാഹനങ്ങള്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 24/11/2016) കള്ളപ്പണക്കടത്തും മറ്റ് കുറ്റകൃത്യങ്ങളും തടയാന്‍ ജില്ലാ പോലീസ് മേധാവി നടപടി ശക്തമാക്കുന്നു. എസ് പിയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ജില്ലയിലെ എല്ലാപോലീസ് സ്‌റ്റേഷന്‍ പരിധികളിലും വ്യാപകമായ വാഹനപരിശോധന നടത്തി. ബുധനാഴ്ച രാത്രി ഒമ്പത് മണിമുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിവരെയാണ് പോലീസ് വാഹനപരിശോധന നടത്തിയത്.

കാസര്‍കോട് പോലീസ് സബ്ഡിവിഷന്‍ പരിധിയില്‍ ഇരുപതോളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറുകളും ബൈക്കുകളും ഓട്ടോറിക്ഷകളുമടക്കമുളള വാഹനങ്ങളാണ് പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് പോലീസ് സബ് ഡവിഷന്‍ പരിധിയിലും നിരവധി വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ വാഹനങ്ങളിലൂടെ കള്ളപ്പണക്കടത്ത് രാത്രിയുടെ മറവില്‍ സജീവമാകുമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാപോലീസ് മേധാവി തോംസണ്‍ ജോസ് ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്. വരുംദിവസങ്ങളിലും ഈ രീതിയിലുള്ള പരിശോധനകളുണ്ടാകുമെന്നാണ് വിവരം. കാസര്‍കോട് സബ്ഡിവിഷന്‍ പരിധിയിലെ പരിശോധനക്ക് ഡി വൈ എസ് പി എം വി സുകുമാരന്‍ മേല്‍നോട്ടം വഹിച്ചു.

കഴിഞ്ഞ ദിവസം പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്നതിനിടെ ആറുലക്ഷത്തോളം രൂപയുമായി അഞ്ചംഗസംഘം കാസര്‍കോട്ട് പോലീസ് പിടിയിലായിരുന്നു. ഈ രീതിയില്‍ ഇനിയും നോട്ടുകടത്തുണ്ടാകുമെന്നാണ് പോലീസ് നിഗമനം. അതേ സമയം പരിശോധനയില്‍ നോട്ടുകളൊന്നും കണ്ടെത്തിയില്ലെങ്കിലും ലൈസന്‍സില്ലാതെയും മദ്യപിച്ചും നമ്പര്‍ പ്ലേറ്റില്ലാതെയും ഓടിച്ച വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്.

ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പ്രചാരണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം കൂടി വാഹനപരിശോധന ശക്തമാക്കാന്‍ പോലീസിനെ പ്രേരിപ്പക്കുന്നുണ്ട്. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം ഉപയോഗിച്ചാണ് ഇത്തരം സംഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. യഥാര്‍ഥത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നില്ലെങ്കിലും അങ്ങനെയൊരു പ്രതീതിയുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ദിവസവും വാഹനപരിശോധനക്കായി പോലീസും എക്‌സൈസും വാണിജ്യനികുതി ഉദ്യോഗസ്ഥരും സജീവമായി രംഗത്തുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും വാഹനപരിശോധന പുലരും വരെയാണ് നീണ്ടുനിന്നത്.

കള്ളപ്പണക്കടത്ത് തടയാന്‍ കര്‍ശനനടപടിക്ക് പോലീസ് ചീഫ്: ജില്ലയില്‍ പുലരും വരെ വാഹനപരിശോധന; നിരവധി വാഹനങ്ങള്‍ പിടികൂടി

Keywords: Kasaragod, Police, Vehicle, Custody, Check Post, Police Station, Black Money, New Bus Stand, Cash, License.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia