നവരാത്രി ആഘോഷം കഴിഞ്ഞിട്ടും പച്ചക്കറി വിലയിൽ കുറവില്ല
● മുരിങ്ങക്കായ്ക്ക് മാത്രമാണ് നൂറ് രൂപയ്ക്ക് മുകളിൽ വിലയുള്ളത്.
● കച്ചവടക്കാരുടെ താൽപര്യമനുസരിച്ചാണ് വില ഈടാക്കുന്നതെന്ന ആക്ഷേപം ഉപഭോക്താക്കൾ ഉന്നയിച്ചു.
● വിപണിയിലെ ആവശ്യകതയും ലഭ്യതയുമാണ് വില നിശ്ചയിക്കുന്നതെന്ന് കച്ചവടക്കാർ.
● ഏതാനും മാസം മുമ്പ് തക്കാളിക്കും മുരിങ്ങക്കായ്ക്കും 500 രൂപ വരെ വില ഉയർന്നിരുന്നു.
കാസർകോട്: (KasargodVartha) നവരാത്രി ആഘോഷങ്ങൾ അവസാനിച്ചിട്ടും പച്ചക്കറി വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. മുരിങ്ങക്കായ ഒഴികെയുള്ള മറ്റു പച്ചക്കറികൾക്ക് വില നൂറു രൂപക്ക് മുകളിലെത്തിയിട്ടില്ലെങ്കിലും, ദിവസേനയുണ്ടാകുന്ന നേരിയ വിലമാറ്റം ഉപഭോക്താക്കളിൽ നീരസമുണ്ടാക്കുന്നുണ്ട്. ചില പച്ചക്കറികൾക്ക് അഞ്ചു രൂപ മുതൽ പത്തു രൂപ വരെ മാത്രമാണ് വിലക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആഘോഷങ്ങൾ അവസാനിച്ചാൽ പച്ചക്കറി വിലയിൽ നേരിയ കുറവുണ്ടാവാറാണ് പതിവ്. എന്നാൽ അത് ഇത്തവണ വിപണിയിൽ പ്രകടമല്ല. കച്ചവടക്കാരുടെ താൽപര്യമനുസരിച്ചാണ് വില ഈടാക്കുന്നതെന്ന ആക്ഷേപമാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്നത്.
എന്നാൽ വിപണിയിലെ ആവശ്യകതയും ലഭ്യതയും അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നാണ് കാസർകോട് ജില്ലയിലേക്ക് പച്ചക്കറികൾ എത്തുന്നത്.

കാലവർഷം പതിയെ പിൻവാങ്ങുന്നതോടെ പച്ചക്കറിയുടെ ഉൽപാദനം വർധിക്കുമെന്നും, അത് വിപണിയിൽ എത്തുന്നതോടെ വില കുറയുമെന്നും ചെറുകിട കച്ചവടക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏതാനും മാസങ്ങൾക്കു മുമ്പ് പച്ചക്കറി വില കുതിച്ചുയർന്നപ്പോൾ പോലും വിപണിയിൽ സർക്കാർ ഇടപെടലുകൾ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. തക്കാളിക്കും മുരിങ്ങക്കായക്കും അന്ന് 150 രൂപ മുതൽ 400 രൂപ വരെയായിരുന്നു വില.
മുരിങ്ങക്കായക്ക് ഒരു ഘട്ടത്തിൽ 500 രൂപ വരെയും ചെറുനാരങ്ങക്ക് 300 രൂപ വരെയും വില എത്തിയിരുന്നു. പിന്നീട് പച്ചക്കറി വിലയിൽ വലിയ കുറവുണ്ടായിരുന്നു.
നിലവിലെ ഞായറാഴ്ചത്തെ പച്ചക്കറി വില (കിലോക്ക് രൂപയിൽ) ഇപ്രകാരമാണ്:
തക്കാളി - 26, നീരുള്ളി (ചെറിയ ഉള്ളി) - 22, പച്ചമുളക് - 60, ഉരുളക്കിഴങ്ങ് - 36, ഇഞ്ചി - 80, കക്കിരി - 44, വെള്ളരി - 35, കോവയ്ക്ക - 56, ബീൻസ് - 60, പയർ - 64, വെണ്ടയ്ക്ക - 50, കാരറ്റ് - 60, ബീറ്റ്‌റൂട്ട് - 40, കാബേജ് - 26, മുരിങ്ങക്കായ - 120, കൈപ്പക്ക - 66, പടവലങ്ങ - 40, ചേന - 50, മത്തൻ - 36, കുമ്പളങ്ങ - 28, വെള്ളച്ചരങ്ങ - 40, ചെറുനാരങ്ങ - 80, ധാരപീര - 60, പച്ചമാങ്ങ - 90-120 എന്നിങ്ങനെയാണ് വിപണി വില.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്ത് നിങ്ങളുടെ പ്രതികരണം അറിയിക്കുക
Article Summary: Vegetable prices in Kasargod remain high post-Navaratri, causing consumer dissatisfaction and allegations against traders.
#VegetablePrice #Kasargod #Navaratri #PriceHike #KeralaNews #ConsumerGrievances






