city-gold-ad-for-blogger

പച്ചക്കറി വിപണിക്ക് തീപിടിക്കുന്നു; വിപണിയിൽ സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം

A vibrant vegetable market stall in Kasaragod town with a variety of fresh vegetables on display.
Photo: Special Arrangement

● കർണാടക ചന്തകളിൽ വിലക്ക് നേരിയ കുറവുണ്ട്.
● ഓണത്തിന് സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം ഉയർന്നു.
● തക്കാളി, ബീൻസ് തുടങ്ങിയവയുടെ വിലയും വർധിച്ചു.
● കാസർകോട് പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കറി എത്തുന്നത്.

കാസർകോട്: (KasargodVartha) ഓണക്കാലം അടുത്തിട്ടും പച്ചക്കറി വില കുറയാത്തത് കുടുംബാംഗങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ചെറുനാരങ്ങ ഒഴികെയുള്ള പച്ചക്കറികളുടെ വില നൂറിന് മുകളിൽ എത്തിയിട്ടില്ലെങ്കിലും ഓരോ ദിവസവും വിലയിലുണ്ടാകുന്ന വർധനവ് ഓണസദ്യ ഒരുക്കുന്ന വീട്ടമ്മമാരെ വിഷമിപ്പിക്കുന്നുണ്ട്.

ഓണക്കാലത്ത് കച്ചവടക്കാർ മനഃപൂർവ്വം വില വർദ്ധിപ്പിക്കാറുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. എന്നാൽ വിപണിയിലെ മാറ്റങ്ങളാണ് വില വർധനവിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കാസർകോട് ജില്ലയിലേക്ക് പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്. ശക്തമായ കാലവർഷം പച്ചക്കറി ഉത്പാദനത്തെ ബാധിച്ചതാണ് വില കൂടാൻ പ്രധാന കാരണമെന്ന് ഇടനിലക്കാർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം പച്ചക്കറി വില കുത്തനെ ഉയർന്നപ്പോൾ സർക്കാർ വിപണിയിൽ ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. തക്കാളി, മുരിങ്ങയ്ക്ക തുടങ്ങിയവയ്ക്ക് 150 മുതൽ 400 രൂപ വരെയും ചെറുനാരങ്ങയ്ക്ക് 300 രൂപ വരെയുമായിരുന്നു കഴിഞ്ഞ വർഷം വില. 500 രൂപയിലെത്തിയ മുരിങ്ങയ്ക്കയില്ലാതെയാണ് വീട്ടമ്മമാർ അന്ന് സാമ്പാർ ഉണ്ടാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം 300 രൂപ വിലയുണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോൾ 100 രൂപയാണ് വില.

അതേസമയം, കാസർകോട് ടൗണിൽ ഞായറാഴ്ചകളിൽ നടക്കുന്ന കർണാടക സ്വദേശികളുടെ പച്ചക്കറി ചന്തയിൽ വിലകളിൽ രണ്ട് രൂപ മുതൽ അഞ്ച് രൂപ വരെ കുറവുണ്ടെന്ന് വീട്ടമ്മമാർ പറയുന്നു. അതുകൊണ്ടുതന്നെ ഞായറാഴ്ചകളിലെ ചന്തയിൽ ആവശ്യക്കാർ ഏറെയാണ്.

നിലവിൽ പച്ചക്കറികളുടെ വിപണിവില ഇങ്ങനെയാണ്: തക്കാളി-46, നീരുള്ളി-30, പച്ചമുളക്-60, ഉരുളക്കിഴങ്ങ്-30, ഇഞ്ചി-72, കക്കിരി-40, വെള്ളരിക്ക-48, കോവയ്ക്ക-50, ബീൻസ്-80, പയർ-70, വെണ്ടയ്ക്ക-70, കാരറ്റ്-60, ബീറ്റ്റൂട്ട്-40, കാബേജ്-26, മുരിങ്ങയ്ക്ക-60, കൈപ്പക്ക-80, പടവലങ്ങ-50, ചേന-60, മത്തൻ-30, കുമ്പളങ്ങ-30, വെള്ളച്ചെരങ്ങ-50.


Article Summary: Vegetable prices are rising in Kasaragod before Onam.

#Onam, #Kerala, #VegetablePrices, #Kasaragod, #PriceHike, #Food

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia