Wasteful Spending | സ്വന്തമായുള്ള വിശാലമായ സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി; കുമ്പളയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ; ഓരോ മാസവും വകുപ്പ് പാഴാക്കുന്നത് ലക്ഷങ്ങൾ
● തപാൽ സ്ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഓരോ വർഷവും വകുപ്പ് ചിലവാക്കുന്നത് പതിനായിരങ്ങൾ വേറെയും.
●ഏകദേശം മുപ്പതോളം സെന്റ് സ്ഥലമാണ് വെറുതെ കിടക്കുന്നത്.
● വർഷങ്ങൾക്കു മുമ്പ് തപാൽ വകുപ്പിന്റെ ഈ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതായി തപാൽ വകുപ്പ് കണ്ടെത്തിയിരുന്നു.
കുമ്പള: (KasargodVartha) ടൗണിൽ തപാൽ വകുപ്പിന് സ്വന്തമായി വിശാലമായ സ്ഥലമുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. ഇതുവഴി തപാൽ വകുപ്പ് മാസംതോറും ലക്ഷക്കണക്കിന് രൂപ വാടകയായി നഷ്ടപ്പെടുത്തുന്നു. പോരാത്തതിന് തപാൽ സ്ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഓരോ വർഷവും വകുപ്പ് ചിലവാക്കുന്നത് പതിനായിരങ്ങൾ വേറെയും.
കുമ്പള ടൗണിനോട് ചേർന്ന് മത്സ്യ മാർകറ്റിന് സമീപം സ്കൂൾ റോഡിന് സമീപത്താണ് തപാൽ വകുപ്പിന്റെ വിശാലമായ സ്ഥലമുള്ളത്. ഏകദേശം മുപ്പതോളം സെന്റ് സ്ഥലമാണ് വെറുതെ കിടക്കുന്നത്. വർഷങ്ങളായി ഈ സ്ഥലം കാടുമൂടിയും, അതിന്റെ മറവിൽ മാലിന്യനിക്ഷേപ കേന്ദ്രവുമായി മാറുകയാണ്. തപാൽ ഓഫീസ് കെട്ടിടത്തിന് വാടക നൽകുന്നതോടൊപ്പം, വെറുതെ കിടക്കുന്ന ഈ സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാൻ തപാൽ വകുപ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗപ്പെടുത്തി പതിനായിരങ്ങൾ ഓരോ വർഷവും പാഴാക്കുകയാണെന്ന ആക്ഷേപമാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്.
വർഷങ്ങൾക്കു മുമ്പ് തപാൽ വകുപ്പിന്റെ ഈ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതായി തപാൽ വകുപ്പ് കണ്ടെത്തിയിരുന്നു. കേസും, സ്ഥലം തിരിച്ചു പിടിക്കാനുള്ള നിയമ പോരാട്ടവും ഹൈക്കോടതി വരെ നീണ്ടു. ഒടുവിൽ കോടതിയിൽ നിന്ന് തപ്പാൽ വകുപ്പിന് അനുകൂലമായ വിധിയുണ്ടായി.പിന്നീട് റവന്യൂ അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി പൊലീസ് സഹായത്തോടെ കമ്പിവേലി കെട്ടി സംരക്ഷിക്കുകയായിരുന്നു.
എന്നാൽ കമ്പിവേലി തങ്ങളുടെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വഴിയടക്കലാണെന്ന് പറഞ്ഞു വ്യാപാരികളും, മത്സ്യ വില്പന തൊഴിലാളികളും എതിർപ്പുമായി രംഗത്തുവന്നു. പിന്നീട് പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെട്ട് തപാൽ അധികൃതരുമായി സംസാരിച്ചതിനെ തുടർന്ന് കമ്പിവേലി ഒഴിവാക്കുകയായിരുന്നു.
സംസ്ഥാനത്ത് തന്നെ ഇങ്ങനെ സ്വന്തമായി സ്ഥലമുണ്ടായിട്ടും നൂറിലേറെ തപാൽ ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോടികൾ നൽകിയാണ് തപാൽ വകുപ്പ് കണ്ണായ സ്ഥലങ്ങളിൽ സ്ഥലങ്ങൾ വാങ്ങിയത്. എന്നിട്ടും അത് പ്രയോജനപ്പെടുത്താൻ അധികൃതർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. കാസർകോട് ജില്ലയിൽ 2020ലെ കണക്ക് പ്രകാരം വാടക കെട്ടിടത്തിൽ ആറ് തപാലാഫീസുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിന് പ്രതിമാസ വാടകയാകട്ടെ അരലക്ഷത്തിലേറെ രൂപയും. സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാൻ പതിനായിരങ്ങൾ വേറെയും.
അതേസമയം കുമ്പളയിൽ വിശാലമായ തപാൽ ഓഫീസ് നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായാണ് അധികൃതർ നൽകുന്ന സൂചന. താഴെ വാടക കെട്ടിടവും, മുകളിലത്തെ നിലയിൽ പോസ്റ്റ് ഓഫീസ് സംവിധാനവും ഒരുക്കുമെന്നാണ് പറയുന്നത്. സ്ഥലത്തെ മാലിന്യ നിക്ഷേപം നീക്കം ചെയ്യാൻ വരുമ്പോൾ ഓരോ വർഷവും അധികൃതർ പറയുന്നതാണ് ഇതെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. എന്നാൽ നടപടികൾ ഉണ്ടാകുന്നില്ല.
#PostOffice #Kumbala #WasteOfMoney #PublicFunds #RentPayment #KeralaNews