city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തരമലബാറിന്റെ സാംസ്‌കാരിക പാരമ്പര്യം അമൂല്യം: മന്ത്രി കെ.സി ജോസഫ്

നീലേശ്വരം: (www.kasargodvartha.com 22.09.2014) വടക്കേ മലബാറിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഓര്‍മപ്പെടുത്തലായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന വടക്കന്‍ പെരുമ സെമിനാറിന്റെ മൂന്നാംഘട്ടത്തിന് കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാമ്പസില്‍ തുടക്കമായി. സാംസ്‌കാരിക മന്ത്രി കെ.സി ജോസഫിന്റെ അധ്യക്ഷതയില്‍ മലയാള ചെറുകഥയുടെ കുലപതി ടി. പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹികക്ഷേമ മന്ത്രി എം.കെ മുനീര്‍ മുഖ്യാതിഥിയായിരുന്നു.

ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് തേച്ചുമായ്ച്ചു കളയാന്‍ കഴിയാത്ത സാംസ്‌കാരിക പാരമ്പര്യമാണ് ഉത്തരമലബാറിനുള്ളതെന്ന് മന്ത്രി കെ സി ജോസഫ് അഭിപ്രായപ്പെട്ടു. ആ പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് അക്കാദമികള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സാഹിത്യ അക്കാദമിയുടേയും കണ്ണൂരിലെ നാടന്‍കലാ അക്കാദമിയുടേയും സംഭാവനകള്‍ നിസ്തുലമാണ്.

കടത്തനാട് മുതല്‍ തുളുനാട് വരെയുള്ള പ്രദേശത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ആയിരത്തി അഞ്ഞൂറോളം വടക്കന്‍ പാട്ടുകളുടെ സമാഹാരം അടുത്തിടെ സാഹിത്യ അക്കാദമി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതുപോലെ പയ്യന്നൂര്‍ ആസ്ഥാനമായി ഒരു പൂരക്കളി അക്കാദമി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ആഴ്ന്നിറങ്ങിയ വേരുകളില്‍ വന്മരങ്ങള്‍ നില്‍ക്കുന്നതുപോലെ നമ്മുടെ പ്രപിതാമഹന്മാര്‍ പണിതുവച്ച അടിത്തറയ്ക്കുമേലാണ് ഭാഷയും സംസ്‌കാരവും നിലനില്ക്കുന്നതും വളരുന്നതുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു.

കഥയെഴുത്തിന്റെ പതാകവാഹകനായി കേസരി നായനാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് പത്മനാഭനും യു പി ജയരാജും വരെയുള്ള കഥാകൃത്തുക്കള്‍ ഉണ്ടായത്. മുന്‍കാലങ്ങളില്‍ നമുക്ക് മാര്‍ഗദര്‍ശനം തന്ന ഓരോ പ്രതിഭകളുടേയും സ്ഥാനം അത്രയ്ക്ക് വലുതാണ്.

വായന മരിക്കുന്നു എന്ന പ്രയോഗം സ്ഥാപിതതാല്‍പര്യക്കാര്‍ പ്രചരിപ്പിച്ചതാണെന്ന്  മുഖ്യാതിഥിയായ മന്ത്രി എം കെ മുനീര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ടെക്‌നോളജിയുടെ ഏറ്റവും പുതിയ യുഗത്തിലും പുസ്തകങ്ങള്‍ നിറഞ്ഞ ഊര്‍ജത്തോടെ ജീവിക്കുകതന്നെയാണ്. വീക്ഷണത്തിന്റെ പത്രാധിപരായി ഇരിക്കുമ്പോഴും മാര്‍ക്‌സിന്റെ മൂലധനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് ആഭിമുഖ്യം വഹിച്ച സി പി ശ്രീധരനെപ്പോലുള്ളവര്‍ സ്വതന്ത്ര സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ എക്കാലത്തേയും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ പെരുമ സെമിനാറിന്റെ ഒന്നാംഘട്ടം കാസര്‍കോട്ടുവച്ചും രണ്ടാം ഘട്ടം വടകരയില്‍ വെച്ചും നേരത്തേ നടത്തിയിരുന്നു. മൂന്നാംഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കേസരി നായനാര്‍, എംആര്‍കെസി, മൂര്‍ക്കോത്ത് കുമാരന്‍, കെ സുകുമാരന്‍, ശേഷഗിരി പ്രഭു, സി പി ശ്രീധരന്‍, ടി പി സുകുമാരന്‍, ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായര്‍, എ വി ശ്രീകണ്ഠ പൊതുവാള്‍, യു പി ജയരാജ് എന്നിവരുടെ ജീവിതവും കൃതികളുമാണ് വിലയിരുത്തപ്പെട്ടത്.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍കക്കട്ടില്‍,സെക്രട്ടറിആര്‍ഗോപാ ലകൃഷ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം തലവന്‍ ഡോ. എ എം ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. നാടന്‍കലാ അക്കാദമി ചെയര്‍മാന്‍ ഡോ.ബി മുഹമ്മദ് അഹമ്മദ്, ഇ പി രാജഗോപാലന്‍, ടി  എന്‍ പ്രകാശ്, ഡോ. കെ ജോയ്‌പോള്‍, മേലത്ത് ചന്ദ്രശേഖരന്‍, ഡോ. സി ബാലന്‍, ദിവാകരന്‍ വിഷ്ണുമംഗലം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വൈകിട്ടു നടന്ന സമാപന സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് ഉദ്ഘാടനം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉത്തരമലബാറിന്റെ സാംസ്‌കാരിക പാരമ്പര്യം അമൂല്യം: മന്ത്രി കെ.സി ജോസഫ്


Keywords : Kerala, Nileshwaram, Minister, Kasaragod, Kerala, KC Joseph. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia