മെഴുകുതിരി വെട്ടത്തില്‍ ഇഞ്ചക്ഷന് നല്‍കേണ്ട ഗതികേട്
Oct 22, 2012, 20:30 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പഴയ എം.എസ് വാര്‍ഡിലും തൊട്ടടുത്ത കെ.എച്ച്.ആര് കെട്ടിടത്തിലും വൈദ്യുതി നിലച്ചാല്‍ കുത്തിവെപ്പും ചികിത്സയും നടത്തുന്നത് മെഴുകുതിരി വെട്ടത്തിലും ടോര്ചടിച്ചുമാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ രണ്ടു വാര്‍ഡുകളും പൂര്‍ണമായും ഇരുട്ടിലായിരുന്നു. പ്രായമേറിയ നിരവധി പേരാണ് ഈ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ അവശരായ ഇവര്‍ ബാത്ത്റൂമിലും മറ്റും പോകുന്നത് തപ്പിതടഞ്ഞാണ്. ഭാഗ്യം കൊണ്ടാണ് ഇവര്‍ വീഴാത്തത്. ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ വൈദ്യുതി നിലച്ചാല്‍ ജനറേറ്റര്‍ സൗകര്യമുണ്ട്. എന്നാല്‍ ഈ സൗകര്യത്തില്‍ നിന്നും മറ്റു വാര്‍ഡുകളെ ഒഴിവാക്കുകയായിരുന്നു.
വൈദ്യുതി നിലച്ചാല്‍ കൊതുകുകടി മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് രോഗികള്‍ പറയുന്നത്. ടോര്ചിന്റെ വെളിച്ചത്തിലും മറ്റും കുത്തിവെപ്പ് നടത്തുന്നത് അപകടത്തിനും മറ്റും കാരണമാകുമെന്നാണ് രോഗികള്‍ ഭയപ്പെടുന്നത്. മരുന്നും ഗുളികയും നല്‍കുന്നത് മാറിപ്പോകാനും സാധ്യതയുണ്ട്. ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് വേണ്ടി കോടികള്‍ ചെലവാക്കുന്നതായി പറയുന്നുണ്ടെങ്കിലും പല കാര്യങ്ങള്‍ക്കും ഇപ്പോഴും സര്‍ക്കാരാശുപത്രികള്‍ ബലാരിഷ്ടതയില് തന്നെയാണ്.
Photo: Zubair Pllickal
Keywords: General-Hospital, Electricity, Patient's, Health-Department, Nurse, Lights, Kasaragod, Kerala