നവരാത്രി അവധിയുടെ മറവിൽ ഉപ്പളയിലും പരിസര പ്രദേശങ്ങളിലും വ്യാപക അനധികൃത നിർമാണമെന്ന് പരാതി; 4 ഇടങ്ങളിൽ നേരിട്ടെത്തി പണി നിർത്തിച്ച് പഞ്ചായത്ത് പ്രസിഡൻ്റ്
● മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗോൾഡൻ റഹ്മാൻ നേരിട്ടെത്തി 4 ഇടങ്ങളിൽ പണി തടഞ്ഞു
● ഉപ്പള ബറോഡ ബാങ്കിന് സമീപവും കൈക്കമ്പയിലുമാണ് പ്രധാനമായും നിർമാണം നിർത്തിവെപ്പിച്ചത്
● ഹനഫി ബസാറിൽ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടറുടെ സഹായത്തോടെയാണ് പണി തടഞ്ഞത്
● പെർമിറ്റോ രേഖകളോ ഇല്ലാതെ നിർമാണം നടത്താൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്
ഉപ്പള: (KasargodVartha) നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഓഫീസുകൾക്ക് തുടർച്ചയായി അവധി വന്നത് മുതലെടുത്ത് മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വ്യാപക അനധികൃത നിർമാണം നടക്കുന്നതായി പരാതി. വിവരമറിഞ്ഞതിന് പിന്നാലെ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ നടക്കുന്ന നിർമാണങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് ഗോൾഡൻ റഹ് മാൻ നേരിട്ടെത്തി നിർത്തിവെപ്പിച്ചു. നാല് സ്ഥലങ്ങളിൽ നേരിട്ടെത്തി നിർമാണം തടഞ്ഞതായും രേഖകൾ ഹാജരാക്കാൻ ഉടമകൾക്ക് കർശന നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
4 ഇടങ്ങളിൽ കർശന നടപടി
അവധിദിവസത്തിൽ മാത്രം നാല് സ്ഥലങ്ങളിലാണ് അനധികൃതമെന്ന് സംശയിക്കുന്ന നിർമാണങ്ങൾ പ്രസിഡൻ്റ് ഇടപെട്ട് തടഞ്ഞത്. ഉപ്പളയിൽ ദേശീയപാതയോരത്തെ ബറോഡാ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് അനുമതികളില്ലാതെ നടന്ന നിർമാണം നിർത്തിച്ചു. നിർമാണം തടഞ്ഞതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലുണ്ടെന്ന് പ്രസിഡൻ്റ് പറഞ്ഞു. കൈക്കമ്പയിലെ സഹകരണ സൊസൈറ്റി ആശുപത്രിക്ക് സമീപം അനുമതിയില്ലാതെ രണ്ട് ദിവസത്തിനുള്ളിൽ വേഗത്തിൽ നിർമിച്ച വലിയ ഗോഡൗണിൻ്റെ പണിയും നിർത്തിച്ചു.
ഹനഫി ബസാറിൽ നിർമാണം നിർത്താൻ ആവശ്യപ്പെട്ടിട്ടും തുടർന്ന സാഹചര്യത്തിൽ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടറെ ബന്ധപ്പെട്ട് പണി നിർത്തിച്ചു. പഞ്ചായത്ത് സെക്രട്ടറി അവധിയായതിനാൽ ജീവനക്കാരെ വിളിച്ചുവരുത്തി ഉടമയ്ക്ക് നോട്ടീസ് നൽകി. ഉപ്പളയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ നടന്ന നിർമാണവും നേരിട്ട് ഇടപെട്ട് നിർത്തിച്ചു. കെട്ടിടവിഭാഗം ഉദ്യോഗസ്ഥരാണ് രേഖകൾ പരിശോധിക്കേണ്ടതെന്നും, പരാതി ലഭിച്ചാൽ സ്ഥലത്തെത്തി പരിശോധിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ഗോൾഡൻ റഹ്മാൻ പറഞ്ഞു.
'പ്രത്യേക പരിഗണന നൽകിയിട്ടില്ല'
ഒരു പ്രമുഖ വ്യവസായിക്ക് പ്രത്യേക പരിഗണന നൽകി നിർമാണച്ചട്ടങ്ങളിൽ ഇളവ് അനുവദിച്ചെന്ന ആരോപണം പ്രസിഡൻ്റ് നിഷേധിച്ചു. പെർമിറ്റോ ആവശ്യമായ രേഖകളോ ഇല്ലാതെ നിർമാണം നടത്താൻ ആരെയും അനുവദിക്കില്ല. അനധികൃത നിർമാണം സംബന്ധിച്ച് പിന്നിൽ നിന്ന് ആരെങ്കിലും ഇടപെടുന്നതായുള്ള സംശയമുണ്ടെന്നും, എന്നാൽ വ്യക്തികളെ ലക്ഷ്യമിട്ടല്ല നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിർമാണങ്ങൾക്ക് ആവശ്യമായ അനുമതികൾ നിലവിലുണ്ടോ, അംഗീകൃത പ്ലാൻ അനുസരിച്ചാണോ പണി നടന്നത്, സെറ്റ്ബാക്ക് ഉൾപ്പെടെയുള്ള കെട്ടിടനിർമാണ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കെട്ടിടവിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയായ ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Panchayat President stopped illegal constructions at 4 locations in Uppala during holidays.
#UppalaNews #KasaragodNews #IllegalConstruction #MangalpadyPanchayat #MalayalamNews #RenuNews







