Theft | കുടുംബസമേതം ഉംറക്ക് പോയപ്പോള്‍ വീട് കുത്തിതുറന്ന് 6 പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നതായി പരാതി; സിസിടിവി ടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌കും പൊളിച്ചുകടത്തി
*കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചതാണ് നഷ്ടപ്പെട്ടത്.
*വീട് വൃത്തിയാക്കാനായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
*അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മഞ്ചേശ്വരം പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഉപ്പള: (KasargodVartha) പൂട്ടികിടന്ന വീട് കുത്തിതുറന്ന് ആറ് പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നതായി പരാതി. വീട്ടുകാര്‍ കുടുംബസമേതം ഉംറക്ക് പോയപ്പോഴാണ് സംഭവം. ഉപ്പള മജലിലെ കപ്പല്‍ ജീവനക്കാരനായ റഫീഖിന്റെ വീടാണ് കൊള്ളയടിക്കപ്പെട്ടത്.
റഫീഖും കുടുംബവും ഏതാനും ദിസവങ്ങള്‍ക്ക് മുമ്പാണ് മക്കയിലേക്ക് പോയത്. ശനിയാഴ്ച മടങ്ങിയെത്താനിരിക്കെയാണ് വീട് കൊള്ളയടിക്കപ്പെട്ടത്. മഞ്ചേശ്വരം സിഐ കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നത്: കമ്പിപ്പാര ഉപയോഗിച്ച് മുന്‍വശത്തെ വാതില്‍ പൂര്‍ണമായും തകര്‍ത്ത് തരിപ്പണമാക്കിയശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. വീട് വൃത്തിയാക്കാനായി തൊട്ടടുത്തുള്ള ബന്ധുക്കള്‍ എത്തിയപ്പോഴാണ് കവര്‍ചാ വിവരം അറിഞ്ഞത്. ഇവരാണ് പൊലീസില്‍ അറിയിച്ചത്.
വീട്ടിലെ സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പൊളിച്ച് കടത്തിക്കൊണ്ടുപോയി. ഇതുകൊണ്ടുതന്നെ മോഷ്ടാക്കളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടില്ല. തൊട്ടടുത്തുള്ള കാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മഞ്ചേശ്വരം പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കവര്‍ചാ പരമ്പരകള്‍ നടന്നുവരികയാണ്. ഏറ്റവും ഒടുവില്‍ ബദിയടുക്ക ഷേടിക്കാനയിലെ മുഹമ്മദ് ശാഫിയുടെ വീട് കുത്തിതുറന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നിരുന്നു. സമീപത്തെ മറ്റ് രണ്ട് പ്രവാസികളായ മുഹമ്മദ് കലന്തര്‍, അബ്ദുല്‍ ഖാദര്‍ എന്നിവരുടെ വീടുകളിലും വാതില്‍ കുത്തിത്തുറന്ന് കവര്‍ചാ ശ്രമം നടന്നിരുന്നു.