Harmony | ഭിന്നതകൾ സംഘടനാപരം മാത്രം; സമസ്‌ത കാന്തപുരം വിഭാഗം നേതാക്കളെയും പ്രവർത്തകരെയും തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിച്ച് എസ്കെഎസ്എസ്എഫിന്റെ കത്ത്

● ഇരു സമസ്‌തയുടെ നേതാക്കളും ഒന്നിച്ച് പല വേദികളിലും പങ്കെടുക്കുന്നുണ്ട്.
● ഇരു വിഭാഗങ്ങളും തമ്മിൽ ആശയപരമായ ഐക്യം നിലനിൽക്കുന്നു.
● വിശ്വാസികൾക്ക് കുളിർമ.
കാസർകോട്: (KasargodVartha) സംഘടനാപരമായി വ്യത്യസ്‌ത ചേരികളിൽ നിൽക്കുമ്പോഴും ആശയപരമായി ഒന്നാണ് ഇരുവിഭാഗം സമസ്‌തകൾ. ഇപ്പോഴിതാ സമസ്‌ത കാന്തപുരം വിഭാഗം നേതാക്കളെയും പ്രവർത്തകരെയും സമസ്‌ത ഇ കെ വിഭാഗത്തിന്റെ വിദ്യാർഥി സംഘടനയായ എസ്കെഎസ്എസ്എഫ് പരിപാടിയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്താണ് ശ്രദ്ധേയമാകുന്നത്.
ഡിസംബർ ഏഴ്, എട്ട് തീയതികളിൽ അംഗഡിമൊഗർ ശെറൂലാബാദിൽ നടക്കുന്ന ശംസുൽ ഉലമാ ആണ്ട് നേർച്ചയിലേക്കും എസ്കെഎസ്എസ്എഫ് കുമ്പള മേഖല സർഗലയത്തിലേക്കും ക്ഷണിച്ച് കൊണ്ട് എസ്കെഎസ്എസ്എഫ് അംഗഡിമൊഗർ യൂണിറ്റ് ഭാരവാഹികളാണ് സമസ്‌ത കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥി - യുവജന സംഘടനകളായ എസ്‌വൈഎസ്, എസ്എസ്എഫ് അംഗഡിമൊഗർ ശാഖാ കമിറ്റിക്ക് കത്ത് നൽകിയത്.
'സംഘടനപരമായ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഇരു സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ് നമ്മൾ എങ്കിലും,എന്നും ഒത്തൊരുമയോടെ കഴിയുവാനുള്ള മനസ് സർവശക്തൻ തന്നതിനാലാണ് നമ്മുടെ മഹല്ല് ഇക്കാലമത്രെയും ഐക്യത്തോടെ മുൻപോട്ട് പോവാനാവുന്നത്. സംഘടനാ വ്യത്യാസങ്ങൾ നമ്മുടെ കുടുംബ ബന്ധങ്ങളെയും നാടിൻ്റെ ഐക്യത്തെയും ഒരിക്കലും ബാധിക്കുന്നില്ല എന്നത് തന്നെ അല്ലാഹു നമ്മുടെ മഹല്ലിന് നൽകിയ വലിയ അനുഗ്രഹമാണ്.
നമ്മുടെ പൂർവീകർ നമുക്ക് കാട്ടിയ നന്മയുടെയും ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പാതയിൽ എക്കാലവും ഈ നാടിനെ കൊണ്ട് പോകാൻ അല്ലാഹു നമുക്ക് അനുഗ്രഹിക്കട്ടെ. പരിപാടികളിലേക്ക് നിങ്ങളുടെ മുഴുവൻ സംഘടകരെയും മെമ്പർമാർമാരെയും ക്ഷണിക്കുകയും പരിപാടിയിൽ എല്ലാവരുടെയും അകമൊഴിഞ്ഞ സഹകരണങ്ങൾ ഉണ്ടാവണമെന്നും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു', കത്തിൽ പറയുന്നു.
ഭിന്നതകൾ മറന്ന് സംസ്ഥാനത്തുടനീളം ഇരുവിഭാഗം സമസ്‌തയുടെ നേതാക്കളും ഒന്നിച്ച് പല വേദികളിലും പങ്കെടുക്കുന്നുണ്ട്. മറുസംഘടനയുടെ പരിപാടികൾക്ക് ആശംസ നേർന്ന് ഇരു സമസ്തകളും പലയിടത്തും ഫ്‌ലക്‌സ് ബോർഡുകളും മറ്റും സ്ഥാപിക്കാറുണ്ട്. ഭിന്നതകൾ കേവലം സംഘടനാപരമായി മാത്രമാണെന്നും ആശയവും ആദർശങ്ങളും ഒന്നാണെന്നും വ്യക്തമാക്കുന്നതാണ് ഇവരുടെ സ്നേഹ പ്രകടനങ്ങൾ. ഇരുവിഭാഗം സമസ്‌ത നേതാക്കൾ ഒരുമിച്ച് കൈകൾ കോർത്ത് ഒരുവേദിയിലെത്തുന്നത് വിശ്വാസികൾക്കും ആവേശമാണ്.
#SKSSF #Kanthapuram #Samastha #Kerala #unity #harmony #interfaith