ഉമ്മാലിയുമ്മ@120; മക്കളും പേരമക്കളുമായി 400 പേര്‍
Jan 15, 2012, 12:33 IST
![]() |
| ഉമ്മാലിയമ്മയും മൂത്ത മകള്‍ ഐസവും |
കഴിഞ്ഞ ദിവസം ബാത്ത്‌റൂമില്‍ പോയി വന്ന് കട്ടിലിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ് കാലൊടിയുന്നതുവരെ ഏതെങ്കിലും രോഗത്തിന് ഡോക്ടറെ കണ്ടതായി ഉമ്മാലിയുമ്മയ്‌ക്കോ മക്കള്‍ക്കോ ഓര്‍മ്മയില്ല. കാലൊടിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം എല്ലാവിധ ടെസ്റ്റുകളും നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ക്ക് തന്നെ അത്ഭുതം. പലര്‍ക്കും കണ്ടുവരാറുള്ള പ്രഷര്‍, പ്രമേഹം, കൊളസ്‌ട്രോള്‍, വൃക്കകള്‍ക്കുള്ള തകരാര്‍ തുടങ്ങിയവയൊന്നും ഉമ്മാലിയുമ്മയ്ക്ക് ബാധിച്ചിട്ടില്ലെന്ന് ഉമ്മാലിയുമ്മയെ ചികിത്സിക്കുന്ന കെയര്‍വെല്‍ ആശുപത്രിയിലെ ഡോ. നാഗരാജും, ഡോ. ജയദേവനും പറയുന്നു. പൂര്‍ണ്ണ ആരോഗ്യവതിയാണ് 120 വയസിലും ഉമ്മാലിയുമ്മയെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ക്യതൃമായ ദിനചര്യയും പ്രാര്‍ത്ഥനയുമാണ് ഉമ്മാലിയുമ്മയെ ഉല്ലാസവതിയാക്കുന്നത്. മൂത്ത മകള്‍ ഐസുമ്മയ്ക്ക് പ്രായം 86 കഴിഞ്ഞു. ഇവരുടെ മകന്‍ മൊയ്തീന് 58 വയസായി. ചെറുപ്പകാലം മുതല്‍ കഠിനമായ വീട്ടുജോലികളും കൃഷിപ്പണിക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കുകയും അവരെ കാര്‍ഷിക ജോലികളില്‍ സഹായിക്കുകയും ഉമ്മാലിയുമ്മ ചെയ്തുവന്നിരുന്നു. കാലൊടിയുന്നത് വരെ ഒരു ദിവസം പത്തുതവണയെങ്കിലും മുറുക്കുന്ന ശീലം മാത്രമാണ് എടുത്ത് പറയാന്‍ ആകെയുള്ളത്. ഇതിനെ ദുശ്ശീലമെന്ന് പറയാന്‍ ഉമ്മാലിയുമ്മയും ഇവരുടെ മക്കളും തയ്യാറല്ല. ഭക്ഷണം കഴിക്കുന്നതില്‍ മടിയില്ലാത്തതുകൊണ്ട് ഇത്ര കാലം ജീവിച്ചുവെന്നാണ് ഐസുമ്മ പറയുന്നത്.
കിട്ടുന്നതെന്തും കഴിക്കും, അതാണ് ശീലം. മകന്‍ കപ്പല്‍ ജോലിക്കാരനായ മുഹമ്മദിനൊപ്പമായിരുന്നു താമസം. അഞ്ചുവര്‍ഷം മുമ്പ് മുഹമ്മദ് മരിച്ചു. ഇതിനു ശേഷം മുഹമ്മദിന്റെ ഭാര്യ ആയിഷുമ്മയ്ക്കും മകനുമൊപ്പമാണ് താമസിക്കുന്നത്. നേരത്തെ ബംബ്രാണ നീലപ്പാടിയിലാണ് ഉമ്മാലിയുമ്മ കുടുംബസമേതം താമസിച്ചു വന്നിരുന്നത്. ബംബ്രാണ ജംഗ്ഷനിലേക്ക് താമസം മാറിയിട്ട് എട്ടുവര്‍ഷത്തോളമായി. മകന്‍ കപ്പല്‍ ജോലിക്കാരനായതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞിരുന്നില്ല. ഉമ്മാലിയുമ്മയ്ക്ക് അഞ്ച് പെണ്ണും, ഒരാണുമാണ് മക്കളായുള്ളത്. ഇതില്‍ മൂത്ത മകള്‍ ഐസുമ്മയ്ക്ക് നാലുപെണ്ണും, നാലും ആണ്‍മക്കളുമുണ്ട്.
ഐസുമ്മയുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമായി 50ഓളം പേരുണ്ട്. രണ്ടാമത്തെ മകള്‍ ബീഫാത്തിമയ്ക്ക് 75 വയസ് കഴിഞ്ഞു. ബീഫാത്തിമയ്ക്ക് എട്ട് പെണ്ണും രണ്ട് ആണ്‍മക്കളുമുണ്ട്. മൂന്നാമത്തെ മകള്‍ ആശിയുമ്മയ്ക്ക് നാലു പെണ്ണും രണ്ടാണ്‍മക്കളുമുണ്ട്. ഇവരുടെ മൂത്ത സഹോദരി ഹവ്വാമ്മ ആറു വര്‍ഷം മുമ്പ് മരിച്ചു. ഇവര്‍ക്ക് അഞ്ച് പെണ്ണും ഒരാണുമുണ്ട്. മരിച്ച മുഹമ്മദിന് അബ്ദുല്‍ റഹ്മാനെന്ന ഏകമകന്‍ മാത്രമാണുള്ളത്. ഗിന്നസ് ബുക്കില്‍ പോലും 122 വയസ്സും 164 ദിവസവും ജീവിച്ച ഫ്രാന്‍സിലെ മാഡം ജെന്ന ലൂയിസ് കാല്‍മെന്റാണ് ലോകമുത്തശ്ശിയായി അറിയപ്പെടുന്നത്.
ഇന്ത്യയില്‍ ആയൂര്‍ദൈര്‍ഘ്യം സ്ത്രീക്ക് 70ഉം പുരുഷന് 65മാണ്. ഉമ്മാലിയുമ്മയുടെ യഥാര്‍ത്ഥ ആരോഗ്യരഹസ്യം എന്താണെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇപ്പോഴും അറിയില്ല.
-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്







