വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പട്ടാമ്പിയിലേക്ക് പോയ ഉദുമ സ്വദേശിയെ കാണാതായി
Oct 25, 2012, 12:03 IST

ഉദുമ അങ്കക്കളരിയിലെ കെ .ടി. മുഹമ്മദിനെ(75)യാണ് സെപ്തംബര്‍ 24ന് കാണാതായത്. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച മകള്‍ സീനത്ത് നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി സഹോദരിയുടെ പട്ടാമ്പിയിലുള്ള വീട്ടിലേക്ക് സെപ്തംബര്‍ 21നാണ് മുഹമ്മദ് തീവണ്ടിയില്‍ യാത്ര തിരിച്ചത്.
സെപ്തംബര്‍ 29നായിരുന്നു കല്യാണം. പട്ടാമ്പിയിലെത്തിയ മുഹമ്മദ് തനിക്ക് അടിയന്തിരമായി നാട്ടില്‍ പോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 24ന് സഹോദരിയും വീട്ടുകാരും മുഹമ്മദിനെ നേത്രാവതി എക്‌സ്പ്രസില്‍ അയക്കുകയും മകള്‍ സീനത്തിനെ വിവരമറിയിക്കുകയും ചെയ്തു.
പിതാവിന്റെ വരവും കാത്ത് 24ന് രാത്രി സീനത്ത് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തങ്ങിയെങ്കിലും നേത്രാവതിയില്‍ നിന്നും മുഹമ്മദ് ഇറങ്ങിയില്ല. തുടര്‍ന്ന് സീനത്ത് കാസര്‍കോട് റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. കാസര്‍കോട്ടും മംഗലാപുരത്തും റെയില്‍വേ പോലീസ് അന്വേഷണം നടത്തിയെങ്കിലും മുഹമ്മദിനെ കണ്ടെത്താനായില്ല. 25ന് പുലര്‍ച്ചെ സീനത്ത് ഗള്‍ഫിലേക്ക് പുറപ്പെടുകയും ചെയ്തു.
ഒക്‌ടോബര്‍ 14ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സീനത്ത് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും മുഹമ്മദിനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് സീനത്ത് പിതാവിന്റെ തിരോധാനം സംബന്ധിച്ച് ചൊവ്വാഴ്ച പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: Man, Missing, Bekal, Uduma, Train, Kasaragod, Kerala, Malayalam news