Initiative | ഉദുമ മണ്ഡലത്തിൽ യുവജനങ്ങളുടെ സമഗ്ര വികസനത്തിന് 'യുവ' പദ്ധതിക്ക് തുടക്കം
● 'യുവ' പദ്ധതിയുടെ പ്രഖ്യാപനം സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവഹിച്ചു.
● വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
● പദ്ധതിയുടെ പ്രധാന ലക്ഷ്യം യുവാക്കളെ മികച്ച പൗരന്മാരാക്കുക എന്നതാണ്.
ഉദുമ: (KasargodVartha) യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉദുമ നിയോജക മണ്ഡലത്തൽ 'യുവ' അഥവാ യൂത്ത് ഫോർ ഉദുമ വളണ്ടറി ആക്ഷൻ (YUVA) എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ പദ്ധതിയുടെ പ്രഖ്യാപനവും യുവ സന്നദ്ധ സേനയുടെ രൂപീകരണവും നിർവഹിച്ചു. മണ്ഡലത്തിലെ യുവാക്കളുടെ കഴിവുകൾ, കാഴ്ചപ്പാടുകൾ, മനോഭാവങ്ങൾ എന്നിവ പരിപോഷിപ്പിക്കുകയും അവരെ മികച്ച പൗരന്മാരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസ-തൊഴിൽ നൈപുണ്യ വികസനം, ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം, കലാ-കായിക-സാംസ്കാരിക രംഗം, സംരംഭകത്വം, സന്നദ്ധ സേവനം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വികസന പദ്ധതികളുടെ രൂപരേഖയും എം എൽ എ അവതരിപ്പിച്ചു. 'യുവ' പദ്ധതിയുടെ ലോഗോ പ്രകാശനവും എം എൽ എ നിർവഹിച്ചു.
സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് പ്രോജക്ട് കോർഡിനേറ്റർ എലിസബത്ത് മിനു മാത്യുസ്, കേരള യൂത്ത് ലീഡർഷിപ് അക്കാദമി (KYLA) പ്രോജക്ട് മാനേജർ കാർത്തിക് ഗോപാൽ, സച്ച്ദേവ് എസ് നാഥ് എന്നിവർ ലോഗോ ഏറ്റുവാങ്ങി. മണ്ഡലത്തിലെ കോളജുകളിൽ നിന്നും ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു. ലോഗോ ഡിസൈൻ ചെയ്ത അർജുൻ പരപ്പയെ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ, യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ബിപിൻ രാജ്പായം, അസാപ് ജില്ലാ പ്രോഗ്രാം ഓഫീസർ പ്രജിത്ത് ഉലൂജി, ജില്ലാ സ്കിൽ കോർഡിനേറ്റർ നിതിൻ എം ജി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാധരൻ കെ ജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ആൽബിൻ മാത്യു സ്വാഗതവും ഷൈജിന ബി. കെ നന്ദിയും പറഞ്ഞു.