തെങ്ങു കയറ്റ യന്ത്രം തകരാറിലായി 60 അടി ഉയരമുള്ള തെങ്ങിൽ തൊഴിലാളി കുടുങ്ങി; അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി
● ഉദുമ മാങ്ങാട്, കൂളിക്കുന്നിലെ രാജു എ ജെ ആണ് തെങ്ങിൻ മുകളിൽ കുടുങ്ങിയത്.
● തെങ്ങോല മടൽ തട്ടി യന്ത്രം ലോക്കായി പോവുകയായിരുന്നു.
● താഴെയിറങ്ങാൻ സാധിക്കാതെ അരമണിക്കൂർ സമയം ഇദ്ദേഹം തെങ്ങിൻ മുകളിൽ പിടിച്ചുനിന്നു.
● 60 അടി ഉയരമുള്ള തെങ്ങിൽ നിന്നാണ് ഏണി ഉപയോഗിച്ച് അഗ്നിരക്ഷാ സേന രാജുവിനെ രക്ഷപ്പെടുത്തിയത്.
● സ്റ്റേഷൻ ഓഫീസർ കെ ഹർഷയുടെയും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
ഉദുമ: (KasargodVartha) തേങ്ങയിടാൻ തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് മുകളിൽ കയറുകയും യന്ത്ര തകരാറുമൂലം കുടുങ്ങിപ്പോവുകയും ചെയ്തയാളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. മാങ്ങാട്, മീത്തലേ മാങ്ങാട്, കൂളിക്കുന്നിൽ ചൊവ്വാഴ്ച (04.11.2025) രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൂളിക്കുന്നിലെ ഫൗസിയ ഉസ്മാൻ എന്നിവരുടെ വീട്ടുപറമ്പിൽ തേങ്ങ പറിക്കാനായി കയറിയ കൂളിക്കുന്നിലെ എ ജെ രാജു(60)യാണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്.
തെങ്ങ് കയറ്റ മെഷീൻ ഉപയോഗിച്ച് കയറിയ രാജു, തേങ്ങാ പറിച്ചതിനുശേഷം തെങ്ങോല മുറിച്ചിടുന്ന അവസരത്തിൽ മുറിച്ച ഓലമടൽ തെങ്ങ് കയറ്റ മെഷീനിൽ തട്ടുകയും മെഷീൻ ലോക്കായി പോവുകയും ചെയ്തതോടെയാണ് കുടുങ്ങിയത്. താഴെ ഇറങ്ങാൻ സാധിക്കാതെ അരമണിക്കൂർ സമയം ഇദ്ദേഹം തെങ്ങിനു മുകളിൽ തന്നെ പിടിച്ചു നിൽക്കുകയായിരുന്നു.
അതിനിടെ, നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും താഴെയിറക്കാൻ സാധിക്കാത്തതിനാൽ വീട്ടുകാർ ഉടൻതന്നെ കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ കെ ഹർഷയുടെയും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെയും നേതൃത്വത്തിലാണ് സേനാംഗങ്ങൾ സ്ഥലത്തെത്തിയത്. 60 അടി ഉയരമുള്ള തെങ്ങിൽ നിന്ന് ഏണി ഉപയോഗിച്ച് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ തെങ്ങിൽ കയറി രാജുവിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
ബാക്കി മുഴുവൻ തെങ്ങിലെയും തേങ്ങാ പറിച്ചു കഴിഞ്ഞ് അവസാന തെങ്ങിൽ കയറുന്ന അവസരത്തിലാണ് മെഷീൻ തകരാറിലായത്. 25 വർഷക്കാലമായി സമീപപ്രദേശങ്ങളിൽ തേങ്ങ പറിക്കുന്ന ആളാണ് രാജു. സേനാംഗങ്ങൾ ആയ ഒ കെ പ്രജിത്ത്, എസ് അരുൺകുമാർ, ജിതിൻ കൃഷ്ണൻ, പി സി മുഹമ്മദ് സിറാജുദ്ദീൻ, വി എസ് ഗോകുൽ കൃഷ്ണൻ, അതുൽ രവി, ഫയർ വുമൺ ഒ കെ അനുശ്രീ, ഹോം ഗാർഡുമാരായ എൻ പി രാകേഷ്, കെ വി ശ്രീജിത്ത്, എസ് സോബിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
തെങ്ങ് കയറ്റ യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാകാം? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
Article Summary: Coconut tree climber trapped high due to machine failure in Uduma, rescued by fire force.
#Uduma #FireForceRescue #CoconutTree #MachineFailure #KasargodNews #RescueOperation






