city-gold-ad-for-blogger

ഉദുമ ഗവണ്‍മെന്റ് കോളജ് കാഞ്ഞിരടുക്കത്ത്; യു.ഡി.എഫില്‍ പൊട്ടിത്തെറി

കെ.കെ.

കാസര്‍കോട്: ഉദുമ നിയോജക മണ്ഡലത്തില്‍ പുതുതായി ആരംഭിക്കുന്ന ഗവണ്‍മെന്റ് കോളജ് കാഞ്ഞിരടുക്കത്ത് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിനെതുടര്‍ന്ന് യു.ഡി.എഫില്‍ പൊട്ടിത്തെറി. യു.ഡി.എഫ്. ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയും സ്ഥലം എം.എല്‍.എ. കെ. കുഞ്ഞിരാമനും കോളജ് കുണിയയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതെല്ലാം മറികടന്നുകൊണ്ടാണ് കോളജ് കാഞ്ഞിരടുക്കത്ത് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് മുസ്ലിം ലീഗിലെ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി സര്‍ക്കാര്‍ കോളജില്ലാത്ത നിയസഭാ മണ്ഡലങ്ങളില്‍ കോളജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സബ് മിഷന്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ആട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആരംഭിക്കാന്‍ ബജറ്റിലൂടെ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇരുപതോളം നിയോജക മണ്ഡലങ്ങളിലാണ് ഇതിന്റെ അടിസ്ഥാനത്തില്‍ കോളജ് അനുവദിക്കാന്‍ തീരുമാനമായത്. ഇതില്‍ ഉദുമ നിയോജക മണ്ഡലവും ഉള്‍പെട്ടിരുന്നു. സി.പി.എം. നേതൃത്വവും എം.എല്‍.എയും ബട്ടത്തൂരില്‍ കോളജ് വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ യു.ഡി.എഫില്‍ കുണിയയിലോ കാഞ്ഞിരടുക്കത്തോ കോളജ് സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്.

കുണിയയില്‍ പ്ലാന്റേഷന്റെ സ്ഥലമാണെന്ന് പറഞ്ഞ് ആദ്യം നിര്‍ദേശം അവഗണിച്ചിരുന്നു. എന്നാല്‍ 70 ഏക്കറോളം സ്ഥലമുള്ള ഇവിടെ 50 ഏക്കര്‍ സ്ഥലത്തിന് മാത്രമെ പ്ലാന്റേഷന്‍ നികുതി അടക്കുന്നുള്ളു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ബാക്കി 20 ഏക്കര്‍ സ്ഥലം റവന്യു വകുപ്പിന്റെ കയ്യിലുള്ളതിനാല്‍ ഇവിടെ കോളജ് സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയും കണ്‍വീനര്‍ പി. ഗംഗാധരന്‍ നായരും കാഞ്ഞിരടുക്കത്ത് കോളജ് സ്ഥാപിക്കണമെന്ന് കാണിച്ച് നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ജില്ലാ യു.ഡി.എഫ്. യോഗത്തില്‍ ചര്‍ച ചെയ്തില്ലെന്ന് ആരോപിച്ച് ലീഗ് ഭാരവാഹികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കോളജ് ഉദുമ മണ്ഡലത്തിലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തുകയായിരുന്നു.

ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ്. യോഗം ചേര്‍ന്ന് കോളജ് കുണിയയില്‍ സ്ഥാപിക്കാനാണ് തത്ത്വത്തില്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ ചില അംഗങ്ങള്‍ കാഞ്ഞിരടുക്കത്ത് കോളജ് സ്ഥാപിക്കണമെന്ന് യു.ഡി.എഫ്. യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്ന് കുണിയയില്‍ കോളജ് സ്ഥാപിക്കണമെന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

ഉദുമ ഗവണ്‍മെന്റ് കോളജ് കാഞ്ഞിരടുക്കത്ത്; യു.ഡി.എഫില്‍ പൊട്ടിത്തെറികഴിഞ്ഞ വര്‍ഷം തന്നെ കോളജ് ആരംഭിക്കേണ്ടതാണെങ്കിലും സ്ഥലതര്‍ക്കത്തെതുടര്‍ന്ന് പ്രവേശനം നടന്നിരുന്നില്ല. 2014 വര്‍ഷത്തില്‍ കോളജ് ആരംഭിക്കുന്നിന്റെ ഭാഗമായാണ് ഇപ്പോള്‍ കാഞ്ഞിരടുക്കത്ത് കോളജ് അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടില്‍ കോളജിന്റെ സ്ഥലം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടേയും മറ്റും താല്‍പര്യപ്രകാരമാണ് ഇപ്പോള്‍ കോളജ് കാഞ്ഞിരടുക്കത്തേക്ക് മാറ്റിയതെന്നാണ് മുസ്ലിം ലീഗ് നേതൃത്വം ആരോപിക്കുന്നത്.

ലീഗ് നേതൃത്വം തങ്ങളുടെ പ്രതിഷേധം സംസ്ഥാന നേതൃത്വത്തേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും അറിയിച്ചിട്ടുണ്ട്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയില്‍ പോകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് കോളജ് കെട്ടിടം നിര്‍മിക്കേണ്ടതെന്ന് നിഷ്‌ക്കര്‍ശിച്ചിട്ടുണ്ട്. സ്ഥലം സര്‍ക്കാറിന്റേതോ അതുമല്ലെങ്കില്‍ സൗജന്യമായോ ലഭിക്കുന്നതായിരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എം.എല്‍.എയ്ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്ത് കോളജ് അനുവദിച്ചാല്‍ അദ്ദേഹത്തിന്റെ താല്‍പര്യമില്ലാതെ ഫണ്ട് ലഭ്യമാക്കാന്‍ കഴിയുമോ എന്ന സാങ്കേതിക പ്രശ്‌നവും നിലനില്‍ക്കുന്നനുണ്ട്. അതിനിടെ കോളജ് കുണിയയില്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മെമ്പര്‍ കരീം കുണിയ പുല്ലൂര്‍-പെരിയ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. അങ്ങനെവന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: College, Udma, UDF, Controversy, League, Udma Niyojaka Mandalam, ML fund, Congress, Udma Govt. College makes controversy.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia