Culture |സാംസ്‌കാരിക രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി ഉബൈദ് സ്മാരക ലൈബ്രറിയും പഠാൻസ് ക്ലബും; നവീകരിച്ച കെട്ടിട ഉദ്ഘാടനം 22ന്

● ഡിജിറ്റൽ ലൈബ്രറി സൗകര്യവും ഇവിടെ ലഭ്യമാണ്.
● ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.
● 1969-ൽ സ്ഥാപിതമായതാണ് ഉബൈദ് സ്മാരക ലൈബ്രറി
സുബൈർ പള്ളിക്കാൽ
തളങ്കര: (KasargodVartha) സാംസ്‌കാരിക രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി ഉബൈദ് സ്മാരക ലൈബ്രറിയും പഠാൻസ് പള്ളിക്കാൽ ക്ലബും. രണ്ട് സ്ഥാപനങ്ങളുടെയും നവീകരിച്ച കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 22ന് നടക്കും. 1969ലാണ് തളങ്കര പള്ളിക്കാലിൽ ഉബൈദ് സ്മാരക ലൈബ്രറി ആരംഭിക്കുന്നത്. കവി ഉബൈദ് എഴുതിയ പുസ്തകങ്ങളോടെയായിരുന്നു തുടക്കം. 1994ൽ ലൈബ്രറിയുടെ സിൽവർ ജൂബിലി ആഘോഷിച്ചിരുന്നു. 2013ൽ ലൈബ്രറി വിപുലീകരിച്ചുള്ള പ്രവർത്തനവും നടത്തിയിരുന്നു.
5000ലധികം പുസ്തകങ്ങൾ ഉണ്ടായിരുന്ന ലൈബ്രറിയുടെ നവീകരണം അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി എംകെ മുനീർ ആയിരുന്നു നിർവഹിച്ചത്. മികച്ച റഫറൻസ് ലൈബ്രറി കൂടിയായിരുന്നു ഇത്. 1980ലാണ് പഠാൻസ് ക്ലബിന്റെ പ്രവർത്തനം തുടങ്ങിയത്. സാംസ്‌കാരിക രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും കലാകായിക രംഗത്തും മികച്ച പ്രവർത്തനം നടത്തിവന്ന പഠാൻസ് ക്ലബും നാടിന്റെ പ്രധാന കേന്ദ്രമായിരുന്നു.
ഈ രണ്ട് സ്ഥാപനങ്ങളുടെയും നവീകരണ പ്രവർത്തനത്തിന്റെ ഉദ്‌ഘാടനമാണ് ഒരേ ദിവസം നടക്കുന്നത്. വൈകിട്ട് 5.30ന്, ആദ്യകാല ലൈബ്രറി പ്രവർത്തകനായിരുന്ന കെ എച് സലീം ആണ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്. 7.30 ന് പഠാൻസ് ക്ലബിന്റെ ഉദ്‌ഘാടനം നാഷണൽ സ്പോർട്സ് ക്ലബിന്റെ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെഎം ഹനീഫ് നിർവഹിക്കും. രാത്രി എട്ട് മണിക്ക് സാംസ്‌കാരിക സമ്മേളനവും തുടർന്ന് ഇസ്മാഈൽ തളങ്കരയും കണ്ണൂർ സീനത്തും ചേർന്ന് ഒരുക്കുന്ന ഇശൽ നിലാവ് മാപ്പിളപ്പാട്ടും അരങ്ങേറും.
കാസർകോട് താലൂക് ലൈബ്രറി കൗൺസിലിന്റെ കീഴിൽ മികച്ച ലൈബ്രറിയായിരുന്നു ഉബൈദ് സ്മാരക ലൈബ്രറി. കോവിഡിനെ തുടർന്ന് ലൈബ്രറിയുടെ പ്രവർത്തനം മന്ദീഭവിച്ച സാഹചര്യത്തിൽ നിന്നും ഡിജിറ്റൽ ലൈബ്രറി രംഗത്തേക്കുള്ള ചുവടുവയ്പ് കൂടിയാണ് 22ന് നടക്കുന്നതെന്ന് നഗരസഭാ മുൻ ചെയർമാൻ അഡ്വ. വി എം മുനീർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
വാർത്ത ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യൂ, അഭിപ്രായങ്ങൾ അറിയിക്കൂ!
Ubaid Memorial Library and Padans Club in Thalangara, Kasaragod, are reopening their renovated buildings on February 22nd. The library, established in 1969, and the club, founded in 1980, have been vital centers of cultural and community activity. The reopening ceremony will feature cultural programs and speeches by prominent figures. The library's renovation marks its transition into the digital age, offering improved resources and services to the community.
#Kasargod #Library #Club #Culture #Kerala #Renovation