Accident | കാസർകോട്ട് ഇരുനില കെട്ടിടം ഒന്നാകെ തകർന്നുവീണു; ദുരന്തം ഒഴിവായത് വ്യാപാരികൾ കടകൾ പൂട്ടി പോയത് കൊണ്ട്
കാസർകോട്: (KasargodVartha) നഗരത്തിലെ എം.ജി. റോഡിൽ പഴയ ഇരുനില കെട്ടിടം പൂർണമായും തകർന്നുവീണു. എന്നാൽ, വ്യാപാരികൾ കടകൾ പൂട്ടി പോയത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
ശനിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പഴയ ബസ് സ്റ്റാൻഡിലെ മത്സ്യമാർകറ്റിലേക്ക് പോകുന്ന ഇടുങ്ങിയ നടവഴിയുടെ ഇരുവശത്തുമുള്ള ഓടുമേഞ്ഞ ഇരുനില കെട്ടിടമാണ് ഉഗ്രശബ്ദത്തിൽ തകർന്നുവീണത്.
മഴയായതിനാൽ കടകൾ നേരത്തെ പൂട്ടി വ്യാപാരികൾ വീട്ടിലേക്ക് പോയതുകൊണ്ടാണ് ആളപായം ഒഴിവായത്. വൈകീട്ടാണ് സംഭവം നടന്നിരുന്നതെങ്കിൽ സ്ഥിതി പ്രവചനാതീതമാകുമായിരുന്നു.
എഴ് കടകൾ തകർന്നുവീണു. പഴ-പച്ചക്കറികൾ, ഉണക്ക മീൻ വിൽക്കുന്ന കടകൾ അടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് കാലപ്പഴക്കം മൂലം ദ്രവിച്ച് തകർന്നു വീണത്. സമീപത്തെ മറ്റ് ചില കടകൾ ഏത് സമയവും വീഴുമെന്ന സ്ഥിതിയിലുള്ളതിനാൽ ഈ ഭാഗത്തേക്ക് ജനങ്ങളും വ്യാപാരികളും കടക്കുന്നത് പൊലീസ് തടഞ്ഞിട്ടുണ്ട്.
വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. അഗ്നിശമന സേന എത്തിച്ചേർന്നെങ്കിലും, അപകടസാധ്യത നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനം രാവിലെ മാത്രമേ ആരംഭിക്കുകയുള്ളൂ.