Buildings | കുമ്പള ഗവ. സ്‌കൂളിന് സമീപം വർഷങ്ങൾ പഴക്കമുള്ള 2 കെട്ടിടങ്ങൾ തകർന്ന് വീഴാറായി; വിദ്യാർഥികൾക്ക് ഭീഷണി; ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും ആവശ്യം
പൊലീസ് സ്റ്റേഷൻ, പഞ്ചായത്, വിലേജ് ഓഫീസുകൾ തുടങ്ങിയവയ്ക്കടുത്ത് തന്നെയാണ് കെട്ടിടങ്ങൾ
കുമ്പള: (KasaragodVartha) കുമ്പള ഗവ. ഹയർസെകൻഡറി സ്കൂളിന് സമീപം പഴകി ദ്രവിച്ച് ഏതുനിമിഷവും തകർന്നുവീഴാറായ രണ്ട് കെട്ടിടങ്ങൾ വിദ്യാർഥികൾക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാൻ പിഡബ്ല്യുഡി അധികൃതരോട് പിടിഎയും, അധ്യാപകരും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. അതുകൊണ്ടുതന്നെ ഈ അധ്യായന വർഷവും പിടിഎയും, അധ്യാപകരും കെട്ടിടത്തിനു സമീപം കാവലിരിക്കേണ്ട അവസ്ഥ തന്നെ.
രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പിഡബ്ല്യുഡി റസ്റ്റ് ഹൗസും, അനുബന്ധ കെട്ടിടവുമാണ് വിദ്യാർഥികൾക്ക് ഭീഷണിയായിട്ടുള്ളത്. സ്കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാർഥികളും, ഇടവേളകളിൽ പുറത്തിറങ്ങുന്ന വിദ്യാർഥികളൊക്കെ മൈതാനത്തിന് സമീപം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തേക്കാണ് പോകുന്നത്. ഇത് രക്ഷിതാക്കളിലും പിടിഎയിലും, അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
50 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇരു കെട്ടിടങ്ങൾ. പണ്ടുകാലത്ത് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങൾ. പിന്നീടത് പിഡബ്ല്യുഡി ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയുടെ പകുതി ഭാഗവും ദ്രവിച്ച് നിലംപൊത്തിയിട്ടുണ്ട്. ബാക്കി ഭാഗമാണ് ഏത് നിമിഷവും ഇടിഞ്ഞ് വീഴാൻ പാകത്തിലുള്ളതും.
രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന കുമ്പള ഗവ. ഹയർ സെകൻഡറി സ്കൂളിലെയും, യുപിയിലെയും വിദ്യാർഥികൾ തകർച്ചയെ നേരിടുന്ന ഈ കെട്ടിടങ്ങൾക്കരികിലൂടെയാണ് വഴി നടക്കുകയും, വിശ്രമവേളകളിൽ കളിക്കുകയും ചെയ്യുന്നത്. കളിക്കിടെ മഴപെയ്താൽ കുട്ടികൾ ഈ കെട്ടിടത്തിനുള്ളിൽ കയറിയാണ് നിൽക്കാറുള്ളതും.
കഴിഞ്ഞ ഫെബ്രുവരി മാസം കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മ കലശോ ത്സവത്തിന് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ സംഗമിച്ചപ്പോൾ കെട്ടിടത്തിനരികിൽ വോളണ്ടിയർമാർക്ക് കാവൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. സ്കൂൾ മൈതാനത്ത് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. വിഷയത്തിൽ സ്കൂൾ തുറക്കുന്നതിന് മുമ്പായി അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും, പിടിഎ യുടെയും ആവശ്യം.
അതേസമയം, കെട്ടിടത്തിന്റെ ടൂറിസം സാധ്യതയും ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സർകാർ ഹയർ സെകൻഡറി സ്കൂൾ, പൊലീസ് സ്റ്റേഷൻ, പഞ്ചായത്, വിലേജ് ഓഫീസുകൾ തുടങ്ങിയവയ്ക്കടുത്ത് തന്നെയുള്ള ഈ കെട്ടിടത്തിൽ നിന്ന് അകലെ ശാന്തമായി ഒഴുകുന്ന കുമ്പള പുഴയുടെ കുളിമയാർന്ന ദൃശ്യം ആസ്വദിക്കാമെന്നും മദ്രാസ് സർകാരിൻ്റെ കാലത്ത് തന്നെ നിർമിച്ച ഈ സുന്ദരമായ കെട്ടിസംരക്ഷിക്കാതെ ഇങ്ങനെ നശിക്കാൻ വിടരുതെന്നുമാണ് ഇവർ പറയുന്നത്.