city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിംഗപ്പൂരില്‍ കപ്പല്‍ ജോലി വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: 2 പേര്‍ അറസ്റ്റില്‍; അന്വേഷണം മുംബൈയിലേക്കും

കാസര്‍കോട്: (www.kasargodvartha.com 02/03/2015) സിംഗപ്പൂരില്‍ കപ്പല്‍ ജോലി വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി സൂചന പുറത്തുവന്നിട്ടുണ്ട്. ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് പേരെ അറസ്റ്റുചെ്തത്.

മുള്ളേരിയ നെട്ടണിഗെ നടഗട്ടെയിലെ അബ്ദുല്‍ ലത്തീഫ് (35), പാലക്കുന്നിലെ രാഗേഷ് (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മലപ്പുറം കണ്ണമംഗലം പരിശ്ശേരിയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് ശരീഫും മറ്റു ഏതാനും പേരും ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയിലാണ് വന്‍ വിസാറാക്കറ്റ് സംഘത്തിലെ രണ്ട് പേരെ പിടികൂടിയത്.

മുഹമ്മദ് ശരീഫിനെ കൂടാതെ മലപ്പുറം സ്വദേശികളായ മുഹമ്മദ്, അഷ്‌റഫ്, യൂനുസ്, റാഷിദ്, മുജീബ്, കാസര്‍കോട് സ്വദേശികളായ നാഗരാജന്‍, രതീഷ്, അനീഷ്, നിരഞ്ജന്‍, അജിത്ത്, സജിത്ത്, തിരുവനന്തപുരം സ്വദേശി രാജേന്ദ്രന്‍ എന്നിവരില്‍നിന്നും പ്രതികള്‍ അരലക്ഷം മുതല്‍ മുക്കാല്‍ ലക്ഷം രൂപ വരെ തട്ടിയെടുത്തതായി പോലീസ് വെളിപ്പെടുത്തി.

40,000 രൂപ മുതല്‍ 80,000 രൂപ വരെ ശമ്പളം വാഗ്ദ്ധാനം ചെയ്താണ് സിംഗപ്പൂരില്‍ കപ്പല്‍ ജോലിക്കായി വിസ തരപ്പെടുത്തിത്തരാമെന്ന് അറിയിച്ചത്. 1,25,000 രൂപയാണ് വിസയ്ക്കായി ഇവര്‍ ആവശ്യപ്പെടുന്നത്. ഇതില്‍ 50,000 രൂപ മുതലാണ് അഡ്വാന്‍സ് വേണമെന്ന് ആവശ്യപ്പെടുന്നത്. പരാതിക്കാരായ ആറ് യുവാക്കളെ ജോലിക്കായി എസ്.ടി.സി.ഡബ്ല്യു. എന്ന കോഴ്‌സ് നല്‍കാമെന്ന പേരില്‍ മുംബൈയിലെ പനവേലില്‍ റഫീഖ് എന്നയാളുടെ അടുക്കല്‍ എത്തിച്ചിരുന്നു. ഭക്ഷണവും താമസ സൗകര്യവുമില്ലാതെ നരകയാതനയാണ് യുവാക്കള്‍ക്ക് മുംബൈയില്‍ അനുഭവിക്കേണ്ടി വന്നത്.

സിംഗപ്പൂര്‍ വിസയില്‍ കപ്പലില്‍ വെയ്റ്ററുടെ ജോലിയാണ് വാഗ്ദ്ധാനം ചെയ്യുന്നത്. വലിയ തുക ശമ്പളമായി കിട്ടുമെന്ന് മോഹിച്ചാണ് പലരും ഇവരുടെ കെണിയില്‍ വീണത്. സ്വര്‍ണവും വീടിന്റെ ആധാരവും മറ്റും പണയപ്പെടുത്തിയും പലരില്‍നിന്നും കടംവാങ്ങിയുമാണ് യുവാക്കള്‍ വിസയ്ക്ക് പണം നല്‍കിയത്. പിടിയിലായ റാക്കറ്റില്‍പെട്ടവര്‍ക്ക് കേരളത്തിനകത്തും പുറത്തും വേരുകളുള്ളതായി പോലീസ് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഇപ്പോള്‍ പരാതിനല്‍കിയ ആറുപേരേയും ഫെബ്രുവരി 27ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്താന്‍ പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. സി.ഡി.സി. എന്ന മറ്റൊരു കോഴ്‌സ് കൂടി നല്‍കാനുണ്ടെന്ന് പറഞ്ഞാണ് ഇവരെ കാസര്‍കോട്ടേക്ക് വരുത്തിയത്.

കാസര്‍കോട് സ്‌റ്റേറ്റ് ഹോട്ടലില്‍ പാര്‍പ്പിച്ച ഇവരെ വീണ്ടും സംഘം പലതും പറഞ്ഞ് കബളിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ കാസര്‍കോട്ടെ ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ ജില്ലാ പോലീസ് ചീഫിനെ സമീപിച്ച് പരാതി നല്‍കിയത്. അതിനിടെ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതി അബ്ദുല്‍ ലത്തീഫിന്റെ നാട്ടുകാരനായ നെട്ടണിഗയിലെ ഉപേന്ദ്രന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മലപ്പുറം സ്വദേശികള്‍ പണം നിക്ഷേപിച്ചിരുന്നു.

അബ്ദുല്‍ ലത്തിഫീനെ അന്വേഷിച്ച് കണ്ടെത്താത്തതിനാല്‍ ഉപേന്ദ്രനെ പണംനഷ്ടപ്പെട്ടവര്‍ കാസര്‍കോട്ടേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിനിടയില്‍ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചെത്തിയ കേസിലെ മറ്റൊരു പ്രതിയായ രാഗേഷ് കൂട്ടുപ്രതി അബ്ദുല്‍ ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം തട്ടിപ്പിന് ഇരയായവര്‍ക്ക് പറഞ്ഞുകൊടുത്തതിന്റെ പേരില്‍ ഉപേന്ദ്രനെ മര്‍ദിച്ചിരുന്നു. ഉപേന്ദ്രനെ മര്‍ദിച്ചതിന് പ്രതികള്‍ക്കെതിരെ മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും കാസര്‍കോട്ടെ ലോഡ്ജില്‍ തങ്ങുകയാണ്. വിസതട്ടിപ്പ് സംഘം കേരളത്തില്‍ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിംഗപ്പൂരില്‍ കപ്പല്‍ ജോലി വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: 2 പേര്‍ അറസ്റ്റില്‍; അന്വേഷണം മുംബൈയിലേക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia