Humanity | ഭാരത് ബെന്‍സിന്റെ വണ്ടിയിൽ 'അര്‍ജുന്‍'! നൊമ്പരപ്പെടുത്തുന്ന ഓര്‍മ
● മൃതദേഹം കണ്ടെടുത്തത് കാബിനില്‍ നിന്നും.
● കിട്ടിയത് 71 ദിവസത്തിന് ശേഷം.
● മനസ്സിന്റെ കോണില്‍ വിങ്ങുന്ന തങ്കലിപി.
കാസര്‍കോട്: (KasargodVartha) ദക്ഷിണ കര്‍ണാടകയിലെ ഷിരൂര്‍ (Shirur) പുഴയുടെ ആഴങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട കോഴിക്കോട്ടെ അര്‍ജുന്‍ (Arjun), ട്രക് ഡ്രൈവര്‍മാര്‍ക്ക് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. അദ്ദേഹം ഓടിച്ച ഭാരത് ബെന്‍സിന്റെ ട്രകിലെ കാബിനില്‍ നിന്നും 71ാമത്തെ ദിവസമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെടുത്തത്. മലയാളി മനസ്സില്‍ ഇപ്പോഴും വിങ്ങലായി കിടക്കുകയാണ് അര്‍ജുന്‍ ഓര്‍മകള്‍.
ലോറി ഓടിച്ച് കുടുംബം പുലര്‍ത്തുന്ന ഏതൊരു ഡ്രൈവർക്കും അര്‍ജുനെ അങ്ങനെ പെട്ടന്നൊന്നും പറിച്ചു കളയാന്‍ കഴിയില്ല. മനസ്സിന്റെ ഒരു കോണില്‍ അര്‍ജുനും ഇടം നല്‍കിയ ഒരു ഡ്രൈവര്‍ അവന്റെ ഓര്‍മ നിലനിര്‍ത്താന്‍ ഓടിക്കുന്ന വണ്ടിയുടെ പിറകിലെ ബോഡിയിലും അത് തങ്കലിപിയിലെന്ന പോലെ കൊത്തിവെച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച ചെര്‍ക്കള ദേശീയ പാതയിലൂടെ കര്‍ണാടക ഭാഗത്ത് നിന്നും ലോഡ് കയറ്റി വന്ന കെ എല്‍ 14 സെഡ് 3862 എന്ന വാഹനത്തിൻ്റെ പിറകില്‍ 'അര്‍ജുന്‍' എന്ന പേരും അര്‍ജുന്‍ ഓടിച്ച ട്രകിന്റെ ചിത്രവും പതിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ആ ഓര്‍മകള്‍ക്ക്, വണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍ എത്രത്തോളം വിലകല്‍പ്പിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് ഇതിന്റെ ചിത്രം പകര്‍ത്തിയ പൊതുപ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കളം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സഹജീവി സ്‌നേഹം നന്മയുള്ളവരില്‍ നിന്നും ഒരിക്കലും നഷ്ടപ്പെടുകയില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇതെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.
ഈ നന്മ നാടറിയട്ടെ. നിങ്ങളുടെ ഷെയർ, നല്ല വാക്കുകൾ എന്നിവ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമാണ്. ഈ വാർത്ത പങ്കിടുമല്ലോ.
#ShirurLandslide #Arjun #truckdriver #tribute #Kerala #humanity #solidarity #remembrance